കല്ലുവാഴയുടെ ഔഷധഗുണങ്ങൾ അറിയാം
text_fieldsനമ്മുടെ നാട്ടിലെ മിക്കവീടുകളിലും വാഴയോട് സാദൃശ്യമുളള ഒരു അലങ്കാരച്ചെടിയെ കണ്ടിട്ടില്ലേ. കാഴ്ചയിൽ മനോഹരവും രൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴയുമായി സാമ്യംതോന്നുന്ന സസ്യമാണ് കല്ലുവാഴ.
കേരളത്തിലെ മലയോര പ്രദേശങ്ങളിലും പാറക്കെട്ടുകളിലും മാത്രം കണ്ട് വരുന്ന വാഴയിനമാണിത്. മുസേസിയ എന്ന വാഴ ഇനത്തിൽ പെടുന്ന ഇവ കാട്ടുവാഴ, മലവാഴ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. എൻസെറ്റ സൂപ്പർബം എന്നാണ് ശാസ്ര്തീയ നാമം.
ഏതാണ്ട് 12 അടി ഉയരത്തിൽ വരെ വളരുന്ന കല്ലുവാഴ ഔഷധയോഗ്യമായ സസ്യമാണെന്ന് എത്രപേർക്കറിയാം. ഇതിന്‍റെ ഇലകൾ വാഴയിലേക്കാൾ തടിച്ചതും നീളമേറിയതുമാണ്. കാണ്ഡഭാഗം മുറുകിതടിച്ചതും ഇലകൾക്കൊത്ത് കുറുകി വരുന്നതുമായ ഇവയുടെ കാണ്ഡഭാഗം സാധാരണ വാഴയേക്കാൾ കട്ടികൂടിയതുമാണ്.
പഴത്തിനകത്തുളള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. വിത്ത് കിളിർത്ത് വംശവർധന നടത്തുന്ന ഏക വാഴയിനമാണ് കല്ലുവാഴ. കൂമ്പിൽ നിന്നും പൊട്ടിവരുന്ന കുല താമരയോട് സാദൃശ്യമുളളതാണ്. അഞ്ച് മുതൽ 12 വർഷം വരെ പ്രായമാകുമ്പോഴാണ് കായ്ക്കാറുളളത്. കുലക്കുന്നതോടെ വാഴ നശിക്കും.
പഴം ഭക്ഷ്യയോഗ്യവും മധുരവുമാണെങ്കിലും ആരും കഴിക്കാറില്ല. പഴത്തിനുളളിലെ കട്ടിക്കൂടിയ വിത്തുകൾ കല്ലുപോലെ ഉറച്ചതാണ് കാരണം. ഒരു പഴത്തിൽ നിന്നും എകദേശം 25 വിത്തുകൾ വരെ കാണാം. നല്ല വലിപ്പത്തിലുളള പഴങ്ങളാണ് ലഭ്യമാകുക. സാധാരണ വാഴപഴത്തെ പോലെ വിളഞ്ഞാൽ പച്ച നിറത്തിലും പഴുത്താൽ മഞ്ഞനിറത്തിലും തന്നെയാണ് കാണപ്പെടുക.
ഗ്രാമപ്രദേശങ്ങളിൽ അത്ര പരിചിതമല്ലെങ്കിലും ചില വീടുകളിൽ അലങ്കാരസസ്യമായിട്ട് വളർത്താറുണ്ട്. എന്നാൽ അലങ്കാര സസ്യം മാത്രമല്ല മികച്ചൊരു ഔഷധസസ്യം കൂടിയാണ് കല്ലുവാഴ. പഴത്തിന്‍റെ അകത്തുളള കല്ലുകൾ പൊടിച്ചാണ് ഉപയോഗിക്കാറുളളത്.
-ആർത്തവ സംബന്ധമായ രോഗങ്ങൾക്കും വൃക്ക-മൂത്രാശയരോഗങ്ങൾക്കും തീപ്പൊള്ളൽ, പ്രമേഹം എന്നീ രോഗങ്ങൾക്കും കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കാറുണ്ട്.
-വിത്തുകൾ പൊടിച്ച് ആട്ടിൻപാലിൽ ചോർത്ത് കഴിക്കുന്നത് മൂത്രക്കല്ല്, അർശസ്, വെള്ളപോക്ക് എന്നിവ മാറിക്കിട്ടും.
-കല്ലുവാഴയുടെ പോളകൾ മുറിച്ച് അതിൽ നിന്നും ഊറി വരുന്ന പശപോലുള്ള ദ്രാവകം പുരട്ടിയാൽ മുറിവ് ഉണക്കാൻ സഹായിക്കും.
വിപണിയിൽ കല്ലുവാഴയുടെ വിത്തിന് ഡിമാൻഡ് കൂടുതലാണ്. ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൃഷി ആരംഭിച്ചാൽ വൻനേട്ടം കൊയ്യാം.


