‘മറയൂർ ബ്രാൻഡ് കൂർക്ക’ക്ക് വിളവെടുപ്പ് കാലം
text_fieldsമറയൂർ ബ്രാൻഡ് കൂർക്ക
മറയൂർ: മറയൂരിൽ കൂർക്കക്ക് വിളവെടുപ്പുകാലം. മറയൂർ മലനിരകളിലെ ഗോത്രവർഗക്കുടികളിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്ന കാട്ടുകൂർക്കയാണ് വിളവെടുക്കുന്നത്. സാധാരണ കൂർക്കയെക്കാൾ വലുപ്പമേറിയതും ഗുണമേൻമ കൂടിയതുമാണിവ. ചില്ലറലേല വിപണിയിൽ 81 രൂപവരെ വില ലഭിച്ചു. ചെറിയ കൂർക്കക്ക് 40 മുതൽ 50 രൂപ വരെയും വില ലഭിച്ചു. കേരളത്തിലെ വിപണികളിൽ ലഭിക്കുന്ന കൂർക്കകളിൽ ഏറ്റവും മികച്ചതാണ് മറയൂരിലെ കാട്ടുകൂർക്ക. മുമ്പ് ആഹാരത്തിന് വേണ്ടിമാത്രം കൃഷി ചെയ്തിരുന്ന ഗോത്ര സമൂഹത്തിന് കൂർക്ക ഇന്ന് ജീവനോപാധിയാണ്. വിളവെടുപ്പ് ഫെബ്രുവരി വരെ നീളും. ഒരു വിളവെടുപ്പിൽ ഒന്നരക്കോടിയുടെ കൂർക്കയാണ് ലഭിക്കുക. മറയൂർ മലനിരകളിൽ കൃഷിചെയ്യുന്ന നാടൻ കൂർക്കക്ക് സംസ്ഥാനത്താകെ വിപണിയുണ്ട്. ഗോത്രവർഗക്കാർ ജൈവസംസ്കൃതിയിൽ കൃഷിചെയ്ത് വിളവെടുക്കുന്ന കൂർക്ക, ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയിറങ്ങുന്നുണ്ട്. കവക്കുടി, പെരിയകുടി, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളംകുടി, ഇരുട്ടളക്കുടി എന്നീ ആദിവാസി ഗ്രാമങ്ങളിലാണ് കൂർക്ക വ്യാപകമായി കൃഷി ചെയ്യുന്നത്. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനാൽ കൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുണ്ട്.
മറ്റുമേഖലകളിൽനിന്ന് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലുമാണ് അഞ്ചുനാട്ടിലെ കൂർക്കയുള്ളത്. സാധാരണ ഉരുളരൂപത്തിൽ ചെറിയ കൂർക്കയാണ് ലഭിക്കുന്നതെങ്കിൽ മറയൂരിലെ കൂർക്ക നീളത്തിലും നല്ല വലുപ്പത്തിലുമാണ് ലഭിക്കുന്നത്. വ്യാഴാഴ്ച തോറും വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില്ല ലേലവിപണിയിൽ നടക്കുന്ന ലേലത്തിലാണ് വിൽപന നടക്കുന്നത്. ഒരു വിളവെടുപ്പുകാലത്ത് ലക്ഷത്തിലധികം കിലോ കൂർക്കയാണ് വിപണിയിലെത്തുന്നത്.
കഴിഞ്ഞവർഷം 1.15 ലക്ഷം കിലോ കൂർക്കയാണ് വിൽപനക്കെത്തിയത്.