സൂര്യകാന്തിയുടെ തോഴൻ സുജിത് ദേശീയ പുരസ്കാര നിറവിൽ
text_fieldsഡല്‍ഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയിൽ നിന്ന് സുജിത് അവാർഡ് ഏറ്റുവാങ്ങുന്നു
മാരാരിക്കുളം: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററും കൃഷി ജാഗ്രനും സംയുക്തമായി നടത്തുന്ന 2024ലെ മില്യണ്‍ ഇയര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യന്‍ പുരസ്കാരം നേടി കഞ്ഞിക്കുഴിയിലെ യുവ കര്ഷകന് സുജിത് സ്വാമിനികര്ത്തല്.
കാര്‍ഷിക മേഖലയില്‍ സുജിത് നടത്തുന്ന വ്യത്യസ്തതയാര്‍ന്ന കൃഷി രീതികള്‍ക്കാണ് പുരസ്കാരം. ഡല്‍ഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ സുജിത്തിനെ തേടി എത്തിയിരുന്നു. കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്തിൽ സൂര്യകാന്തി പാടം സജ്ജമാക്കിയതോടെയാണ് ഈ യുവ കർഷകൻ ശ്രദ്ധ നേടുന്നത്. രണ്ടര ഏക്കറിലെ സൂര്യകാന്തി പാടം വൻ ഹിറ്റായിരുന്നു.
തണ്ണീർമുക്കത്ത് കായലിൽ പോളപ്പായലിന് പുറത്ത് ഒഴുകുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസം മേഖലയിലെ വ്യത്യസ്ത കാഴ്ചയായിരുന്നു. 2022ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം, 2014ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. മാതാവ് ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.