റമ്പൂട്ടാൻ ചുവപ്പണിഞ്ഞ് പഴവിപണി; ഈ മാസമാണ് നടാൻ ഏറ്റവും അനുയോജ്യം, അറിയേണ്ടതെല്ലാം..
text_fieldsകേരളത്തിലെ പഴവിപണികളിൽ ചുവപ്പണിഞ്ഞുനിൽക്കുന്ന റമ്പൂട്ടാന്റെ കാലമാണിപ്പോൾ. ചുവന്നുതുടുത്ത പൊന്തനിറഞ്ഞ തൊലി പൊളിച്ചാൽ വെളുവെളുത്ത കായ് രുചിക്കുമ്പോൾ തന്നെ ആനന്ദമാണ്. കുറച്ചുക്കാലങ്ങൾക്കുമുന്നേ വിദേശത്തു നിന്നെത്തിയിരുന്ന ഈ കുഞ്ഞൻ പഴം ഇന്ന് മലയാളിയുടെ വീട്ടുമുറ്റത്തെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ റമ്പൂട്ടാൻ എങ്ങനെ സ്വന്തം തോട്ടത്തിൽ വിജയകരമായി നട്ടുപിടിപ്പിക്കാമെന്ന് നോക്കാം.
റമ്പൂട്ടാൻ തൈകൾ നടാൻ ഏറ്റവും അനുയോജ്യമായത് ഇടവപ്പാതിയുടെ തുടക്കത്തിലാണ്. അതായത് നാമെത്തിനിൽക്കുന്ന നല്ല മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ തന്നെയാണ് ഉത്തമ സമയം. ചൂടുസമയത്ത് ശരിക്കും നനച്ചു പരിപാലിച്ചാലും ഇത് തഴച്ചുവളരും. എന്നാൽ, കടുത്ത വെയിലിൽനിന്ന് ചെറിയ തൈകളെ സംരക്ഷിക്കേണ്ടി വരും എന്നതിനാൽ മഴക്കാലത്തിന്റെ തുടക്കം തന്നെയാണ് മികച്ചത്. ജൂൺ തുടക്കത്തിൽ ലഭിക്കുന്ന മഴ തൈകൾ മണ്ണിൽ പിടിച്ചുകിട്ടാൻ സഹായിക്കും.
നടീൽ രീതി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റമ്പൂട്ടാൻ നല്ല രീതിയിൽ വളരാൻ കൃത്യമായ പരിചരണം ആവശ്യമാണ്. നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാൻ. മൂന്നടി നീളത്തിലും വീതിയിലും ആഴത്തിലും കുഴികളെടുക്കുക. കുഴിയിലെ മേൽമണ്ണും 10-15 കിലോഗ്രാം ജൈവവളവും (ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്), അൽപം എല്ലുപൊടിയും ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടമാക്കിയ വേപ്പിൻപിണ്ണാക്കും നന്നായി കലർത്തി കുഴി മൂടുക.
മണ്ണൊരുക്കി കഴിഞ്ഞാൽ പിന്നെ തൈ നടാം. കുഴിയുടെ മധ്യത്തിലായി ചെറിയ കുഴിയെടുത്ത്, തൈകളുടെ പ്ലാസ്റ്റിക് കവർ വേരുകൾക്ക് കേടുപാടുകൾ വരാത്ത രീതിയിൽ ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി നടുക. ബഡ് ചെയ്ത ഭാഗം മണ്ണിൽ താഴ്ന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം (അത് മണ്ണിനു മുകളിലായിരിക്കണം). കാറ്റത്ത് ഉലയാതിരിക്കാൻ തൈകൾക്ക് താങ്ങുകമ്പുകൾ നാട്ടിക്കൊടുക്കുന്നത് നന്നായിരിക്കും.
പരിചരണവും വിളവെടുപ്പും
മഴയില്ലാത്തപ്പോൾ തൈകളുടെ ചുവട്ടിൽ ഈർപ്പം നിലനിർത്താൻ കൃത്യമായി നനയ്ക്കണം. വേനൽക്കാലത്ത് തുള്ളിനന (Drip irrigation) സംവിധാനം ഏർപ്പെടുത്തുന്നത് നല്ലതാണ്. ചെടി വളരുന്നതിനനുസരിച്ച് വശങ്ങളിലേക്ക് പടരാൻ പാകത്തിന് മുകളിലേക്കുള്ള പ്രധാന കമ്പ് മുറിച്ചു നിർത്തുന്നത് വിളവ് കൂടാൻ സഹായിക്കും. ബഡ്ഡ് തൈകൾ നട്ട് മൂന്നാം വർഷം മുതൽ പൂക്കാൻ തുടങ്ങും. സാധാരണയായി ജനുവരി - ഫെബ്രുവരി മാസങ്ങളിൽ പൂക്കുകയും ജൂലൈ - ഓഗസ്റ്റ് മാസത്തോടെ പഴങ്ങൾ പാകമാകുകയും ചെയ്യും.
തൈകൾ എവിടെനിന്ന് വാങ്ങാം?
എൻ.18, മഹർളിക, സ്കൂൾബോയ് തുടങ്ങിയ ഇനങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ മികച്ച വിളവ് തരുന്നവയാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നഴ്സറികൾ, കൃഷി വകുപ്പിന്റെ അംഗീകൃത ഫാമുകൾ, വിശ്വസനീയമായ ലൈസൻസുള്ള സ്വകാര്യ നഴ്സറികൾ എന്നിവിടങ്ങളിൽനിന്ന് ഗുണമേന്മയുള്ള ബഡ്ഡ് തൈകൾ ലഭ്യമാണ്. തൈകൾ വാങ്ങുമ്പോൾ ഒട്ടിച്ച ഭാഗം ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വിത്തുപാകി മുളപ്പിക്കുന്ന തൈകൾ നടുന്നത് വഴി കായ്ക്കാൻ വർഷങ്ങളെടുക്കുമെന്ന് മാത്രമല്ല, അവയിൽ ഭൂരിഭാഗവും ആൺമരങ്ങളാകാനും സാധ്യതയുണ്ട്. അതിനാൽ എപ്പോഴും ബഡ്ഡ് തൈകൾ മാത്രം തിരഞ്ഞെടുക്കുക.
കേരളത്തിലെ മണ്ണിൽ പൊന്നുവിളയിക്കാൻ കെൽപ്പുള്ള റമ്പൂട്ടാൻ കൃഷി, ശരിയായ പരിചരണമുണ്ടെങ്കിൽ ഏതൊരു വീട്ടമ്മയ്ക്കും കർഷകനും ഒരുപോലെ ലാഭകരമായി കൊണ്ടുനടക്കാൻ സാധിക്കും. ഈ മഴക്കാലത്ത് തന്നെ നിങ്ങളുടെ വീട്ടുമുറ്റത്തും ഒരു റമ്പൂട്ടാൻ തൈ നട്ടുപിടിപ്പിക്കൂ.


