Begin typing your search above and press return to search.
exit_to_app
exit_to_app
സീസണിൽ ഒരു മാവ് പാട്ടത്തിനെടുക്കാം, 90 കിലോ വരെ അൽഫോൻസാ മാമ്പഴം വീട്ടിലെത്തും
cancel
Homechevron_rightAgriculturechevron_rightസീസണിൽ ഒരു മാവ്...

സീസണിൽ ഒരു മാവ് പാട്ടത്തിനെടുക്കാം, 90 കിലോ വരെ അൽഫോൻസാ മാമ്പഴം വീട്ടിലെത്തും

text_fields
bookmark_border

ഹൈദരാബാദ്: മാമ്പഴക്കൊതിയൻമാർക്ക് കൊതി തീരു​വോളം മാമ്പഴം കഴിക്കാം. സീസണിൽ ഒരു മാവ് പാട്ടത്തിനെടുക്കാം... വിളവ് ഹോം ഡെലിവറിയായി വീട്ടിലെത്തും. നൂതന ആശയവുമായി ‘റെന്റ് എ ട്രീ’ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ് ഒരു യുവ സംരംഭകൻ. വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളുടെ രാജാവിന് പുതിയ വിപണി കണ്ടെത്താനും കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ ​വരുമാനം ഉറപ്പാക്കുകയുമാണ് ഈ സ്റ്റാർട്ട്അപ്.

2018നും 2023നും ഇടയിൽ ബെംഗളൂരുവിൽ എഡ്-ടെക് സ്റ്റാർട്ടപ്പ് നടത്തിയിരുന്ന കൊച്ചി ആസ്ഥാനമായുള്ള സംരംഭകനായ ഉമേഷ് ദാമോദരന്റെ ജീവിതത്തിലെ ഒരു അപ്രതീക്ഷിത നിമിഷത്തിൽ നിന്നാണ് റെന്റ് എ ട്രീ എന്ന ആശയം ഉടലെടുത്തത്. ഒരു യാത്രക്കിടെ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽനിന്ന് പ്രീമിയം അൽഫോൻസാ മാമ്പഴങ്ങൾ ​കൊണ്ടുവന്ന് സുഹൃത്തുക്കൾക്കും അയൽവാസികൾക്കുമായി പങ്കുവെച്ചിരുന്നു. ഒരു അയൽക്കാരിയുമായി പങ്കുവെച്ചപ്പോൾ അവൾക്ക് അത് നന്നായി ഇഷ്ടപ്പെടുകയും അടുത്ത തവണയും കൊണ്ടുവരുമോ എന്നവൾ ചോദിച്ചു. പിന്നീട്, ഒരു മരത്തിൽനിന്ന് മുഴുവൻ മാമ്പഴവും തനിക്ക് ലഭിക്കുമോ എന്ന് ചോദിച്ചു. ആ ചോദ്യം ഒരു പുതിയ ബിസിനസ് ആശയത്തിലേക്ക് വഴി തുറക്കുകയായിരുന്നു. ഇതോടെ മാമ്പഴപ്രേമികൾക്കായി ഒരു സ്റ്റാർട്ട്അപ്പിന് വിത്തുപാകുകയും ചെയ്തു.


2026 സീസണിലേക്കുള്ള ബുക്കിങ് 2025 നവംബർ ഒന്നുമുതൽ 2026 ജനുവരി 31 വരെയായിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചത്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഓർഡറുകൾ ലഭിച്ചു. തോട്ടത്തിലെ ഒട്ടുമിക്ക മരങ്ങളും ആളുകൾ വാങ്ങി കഴിഞ്ഞു. ‘​റെന്റ് എ ട്രീ’ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തമായി അക്കൗണ്ട് തുടങ്ങി ഇഷ്ടത്തിന് അനുസരിച്ച് മരങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. അടിസ്ഥാന പാക്കേജിന് 10,300 രൂപയാണ് ഈടാക്കുക. അതിൽ 30 മുതൽ 50 കിലോ വരെ മാമ്പഴമുണ്ടാകും. സ്റ്റാൻഡേഡ് പാക്കേജിൽ 45മുതൽ 75 കിലോ വരെയും മാക്സിമം പാക്കേജിൽ 60 മുതൽ 90 കിലോ വരെയും ലഭിക്കും.

എല്ലാ മാമ്പഴങ്ങളും പൂർണമായി പാകമായതിന് ശേഷമേ പറിച്ചെടുക്കൂ, മാത്രമല്ല, സ്വാഭാവികമായി പാകമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലത്തു സ്വാഭാവികമായി കൊഴിഞ്ഞുവീണ ഫലങ്ങൾ ഉൾപ്പെടുത്തില്ല. ഉപഭോക്താക്കൾക്ക് അവരുടെ മരത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, വീഡിയോകൾ ഉൾപ്പെടെ മാസത്തിൽ രണ്ടോ നാലോ തവണ ലഭിക്കും. കൂടാതെ ഏപ്രിൽ, മെയ് മാസങ്ങളിൽ ബാച്ചുകളായി ഹോം ഡെലിവറി തിരഞ്ഞെടുക്കാനോ വിളവെടുപ്പിനായി ഫാം സന്ദർശിക്കാനോ കഴിയും.


കർഷകന് ന്യായമായ വരുമാനം ഉറപ്പുവരുത്തി കർഷകരെ പിന്തുണക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് കർഷകർക്ക് അവരുടെ വിളവിന് നല്ല വരുമാനം ലഭിക്കാനായി ഇത് ചെയ്യുന്നത്. അടുത്തവർഷത്തേക്ക് ആളുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ ഇത്തരം നല്ല ആശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആളുകളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഉമേഷ് പറയുന്നു. ഈ സ്റ്റാർട്ട്അപ്പിലൂടെ നേരിട്ട് മാമ്പഴം വിതരണം ചെയ്യുകയും അധികമായി ലഭിച്ച വിളവ് ഉപയോഗിച്ച് പൾപ്പുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഭാവിയിൽ മറ്റ് പഴവർഗങ്ങളിലേക്കും സ്റ്റാർട്ട്അപ്പ് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. റംബൂട്ടാൻ, മാംഗോസ്റ്റീൻ തുടങ്ങിയ പഴങ്ങളിലേക്ക് കൂടി സ്റ്റാർട്ട് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.

Show Full Article
TAGS:startup rent AgriTech Startup mango 
News Summary - Rent a mango tree this summer get 90 kg of fruit at home Rent a Tree an agri startup
Next Story