റബർ തോട്ടത്തിൽ കുരുമുളക് കൃഷിയുമായി അവാർഡ് ജേതാവ്
text_fieldsസംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയി
കവളക്കാട്ട് തോട്ടത്തിൽ
പുൽപള്ളി: റബർ തോട്ടത്തിൽ കുരുമുളക് ലാഭകരമായി കൃഷി ചെയ്യാനൊരുങ്ങി സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയി കവളക്കാട്ട്. പുൽപള്ളി ആലത്തൂരിലെ തന്‍റെ പത്തേക്കറോളം റബർ തോട്ടത്തിൽ ഇതിനുള്ള പണികൾ ആരംഭിച്ചു. ഏതാനും വർഷം മുമ്പ് റബർ തോട്ടത്തിനുള്ളിൽ കാപ്പി തൈകൾ നട്ട് വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച ആളാണ് റോയി.
റബർ മരത്തോട് ചേർന്ന് പൈപ്പ് ചരിച്ചുവച്ച് അതിലൂടെയാണ് കുരുമുളക് വള്ളി പിടിപ്പിക്കുന്നത്. മൂന്ന് മാസം മുമ്പ് നട്ട വള്ളികളെല്ലാം രണ്ട് മീറ്ററോളം ഉയരത്തിലായി. ചെടിക്ക് ആവശ്യമായ വെള്ളം ലഭിക്കാൻ ചുവട്ടിൽ ചകിരിച്ചോറും നിറച്ചിട്ടുണ്ട്. ജലസേചന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
റബർ തോട്ടത്തിൽ കാപ്പി കൃഷിയും നടത്തുന്നുണ്ട്. കേരള കാർഷിക സർവകലാശാലയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് കൃഷി. കുരുമുളക് ചെടിക്ക് രോഗബാധകൾ തടയുന്നതിന് ആവശ്യമായ നിർദേശങ്ങളും സർവകലാശാലയിൽനിന്നും ലഭിക്കുന്നുണ്ട്. പുത്തൻ പരീക്ഷണം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.


