കൂലിപ്പണിക്കായി വന്ന ഒഡിഷക്കാരൻ സുക്രു; ഇന്ന് രണ്ടേക്കറിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരൻ
text_fieldsതേഞ്ഞിപ്പലം: മലയാളികൾ കൃഷിയിറക്കാൻ മടിക്കുമ്പോൾ ഒരു ഒഡിഷക്കാരൻ മലപ്പുറം തേഞ്ഞിപ്പലത്തെ മണ്ണിൽ പൊന്നുവിളയിക്കുകയാണ്. കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായ ഒഡിഷ സ്വദേശി സുക്രു തേഞ്ഞിപ്പലം ചൊവ്വയിൽ രണ്ടേക്കറോളം പാടം പാട്ടത്തിനെടുത്ത് വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. 16 വർഷം മുമ്പാണ് 38 കാരനായ സുക്രു ഒഡിഷയിലെ നവരംഗ്പൂർ ജില്ലയിൽപ്പെട്ട മൊകൃസിലഗുഡയിൽനിന്ന് കേരളത്തിലേക്ക് വന്നത്. ഏറെക്കാലം കൂലിപ്പണിക്കാരനായിരുന്നു. പലപ്പോഴും കൃഷിപണിക്കുമിറങ്ങി. അങ്ങനെയാണ് മൂന്ന് വർഷം മുമ്പ് കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി തുടങ്ങിയത്.
വർഷങ്ങളോളം കൃഷിപ്പണിയിൽ ഉണ്ടായ പരിചയവും തഴക്കവും സ്വന്തമായി കൃഷി ചെയ്യാൻ പ്രേരണയായി. സുക്രുവിനിപ്പോൾ ചൊവ്വയിൽപാടത്ത് രണ്ടേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. 1200 ഓളം നേന്ത്രവാഴകൾ ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. നേന്ത്രപ്പഴത്തിന് മികച്ച വില ലഭിച്ചതിനാൽ സുക്രുവിന് കൃഷി നേട്ടമായി.
ഭാര്യ ഗോസാ മോണിസോറയും കൃഷിയിടത്തിൽ സഹായിക്കാനുണ്ട്. ശങ്കർ മകനാണ്. തേഞ്ഞിപ്പലത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി വീടുവെച്ച് കുടുംബ സമേതം താമസിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. നാട്ടുകാരുടെ കൂടെ പിന്തുണയിലാണ് സുക്രുവിന്റെയും കുടുംബത്തിന്റെയും കേരളീയ ജീവിതം.