കോവിഡ് കാലത്തെ വിരസത മാറ്റാൻ തുടങ്ങിയ കൃഷി; ഇന്ന് മാസവരുമാനം 12 ലക്ഷം
text_fieldsഹരിയാനയിലെ സോണിപത്ത് ദീനബന്ധു ഛോട്ടു റാം സർവകലാശാലയിൽ അസി. പ്രഫസറാണ് ഡോ. സോണിയ ദഹിയ. 2020ൽ കോവിഡ് കാലത്ത് ക്ലാസ് മുഴുവൻ ഓൺലൈനിലൂടെയായപ്പോൾ വീട്ടിലിരിപ്പിന്‍റെ മടുപ്പ് മാറ്റാൻ എന്തെങ്കിലും ഹോബിയിലേക്ക് തിരിയാൻ തീരുമാനിച്ചു. പലതും ആലോചിച്ച് ഒടുവിൽ കണ്ടെത്തിയതാണ് കൂൺ കൃഷി. വിനോദത്തിനായി തുടങ്ങിയ കൂൺകൃഷി ഇന്ന് മാസംതോറും 12 ലക്ഷം രൂപ വരുമാനം നേടിക്കൊടുക്കുന്ന ബിസിനസായി വളർന്നിരിക്കുന്നു.
ബയോടെക്നോളജിയിലായിരുന്നു ഡോ. സോണിയയുടെ പിഎച്ച്.ഡി. പഠനത്തിന്‍റെ ഭാഗമായി കൂണുകളുമായി നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇതോടെയാണ് ഈ മേഖലയിൽ തന്നെ ഹോബി കണ്ടെത്താം എന്ന തീരുമാനത്തിലെത്തിയത്.
ഓൺലൈനിൽ വിഡിയോ കണ്ടും വായിച്ചുമാണ് കൂൺ കൃഷിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഡോ. സോണിയ മനസ്സിലാക്കിയത്. കൂണുകൾ പ്രത്യേക കാലാവസ്ഥയിൽ വളർത്താവുന്നവയാണ്. അല്ലെങ്കിൽ കൃത്യമായ കോൾഡ് ചേംബറുകൾ ഉപയോഗിച്ച് ഊഷ്മാവും ഈർപ്പവും നിയന്ത്രിച്ച് വളർത്തണം.
സോണിയയുടെ കൂൺ കൃഷിയെ ഭർത്താവും അസോ. പ്രഫസറുമായ ഡോ. വിജയ് ദഹിയ പ്രോത്സാഹിപ്പിച്ചു. കോൾഡ് ചേംബറിലാണ് ഇവർ കൂൺ കൃഷി ആരംഭിച്ചത്. 40 ലക്ഷമായിരുന്നു പ്രാരംഭ ചെലവ്. ബയോടെക്നോളജിയുടെ സാങ്കേതികവിദ്യകളും ഉപയോഗിച്ചായിരുന്നു കൂൺ കൃഷി. ഇതിനായി ആന്‍റി ഓക്സിഡന്‍റും ആന്‍റി മൈക്രോബിയലുമായ ചേംബർ ഉണ്ടാക്കി. 5600 കൂൺ ബാഗുകളുമായാണ് 2021 ജനുവരിയിൽ കൃഷി തുടങ്ങിയത്.
80 രൂപ വരെയാണ് ഒരു കിലോ കൂൺവിത്തിന് വില. ഒരു കിലോ ഉപയോഗിച്ച് 100 ബാഗുകളിൽ കൃഷി ചെയ്യാം. രണ്ട് മാസം കൊണ്ട് ഓരോ ബാഗിൽ നിന്നും രണ്ട് കിലോ വീതം കൂൺ വിളവെടുക്കാം. ഡോ. സോണിയയുടെ ആദ്യ വിളവ് ഡൽഹിയിലെ മൊത്തക്കച്ചവടക്കാർക്കാണ് നൽകിയത്.
കൃഷി മെച്ചമാണെന്ന് കണ്ടതോടെ ഇവർ ചേംബറുകളുടെ എണ്ണം നാലായി വർധിപ്പിച്ചു. നിലവിൽ ഓരോ മാസവും 10,000 കിലോ കൂൺ ഇവരുടെ ഡോ. ദഹിയ മഷ്റൂം ഫാമിൽ നിന്ന് വിളവെടുക്കുന്നുണ്ട്.
ജൈവ കമ്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂൺ വളർത്താനാവശ്യമായ വൈക്കോൽ കർഷകരിൽ നിന്ന് സംഭരിക്കും. നല്ല കൂണിന് ഡിമാൻഡ് ഏറെയായതിനാൽ വിപണി കണ്ടെത്താൻ ഒട്ടും പ്രയാസമുണ്ടായില്ല. എന്നാൽ, കൂൺ വിലയിൽ സീസണനുസരിച്ച് വ്യത്യാസമുണ്ടാകാറുണ്ട്. വേനൽക്കാലത്ത് 180 രൂപ വരെയാകും കിലോക്ക് വില. തണുപ്പുകാലം ഇത് 80 വരെയായി കുറയും. ശരാശരി വാർഷിക വില 120 രൂപയാണ്. മാസം 12 ലക്ഷത്തോളമാണ് ഇവരുടെ വരുമാനം. തൊഴിലാളികളുടെ കൂലിയും മറ്റ് ചെലവും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയാണ് കൃഷിക്കുള്ള ചെലവ്. ലോൺ അടവും ഫാമിലെ മറ്റ് ചെലവുകളും കഴിച്ച് മാസം മൂന്ന് ലക്ഷം രൂപ വരെ മിച്ചമുണ്ടാകും.
പ്രാദേശിക കർഷകർക്ക് കൂൺ കൃഷി പരിശീലനം ഇവർ നൽകുന്നുണ്ട്. ഇവർക്കാവശ്യമായ അസംസ്കൃത വസ്തുക്കളും പിന്തുണയും നൽകുന്നുമുണ്ട്. വിദ്യാർഥികൾക്ക് ഉൾപ്പെടെ പരിശീലന സെഷനുകളും ഇവരുടെ ഫാമിൽ നൽകുന്നു.