പഠിക്കാം, ആബിദയുടെ കൃഷിപാഠം
text_fieldsആബിദയുടെ മട്ടുപ്പാവിലെ ജൈവകൃഷി മുണ്ടേരി കൃഷി ഓഫിസർ ഗീതു സന്ദർശിച്ചപ്പോൾ
കാഞ്ഞിരോട്: വീട്ടു പരിസരം കഴിഞ്ഞ് മട്ടുപ്പാവ് വരെ പച്ചക്കറി വിളയിച്ച വിജയഗാഥയുണ്ട് ഇവിടെ. അധ്യാപനവും സാമൂഹിക പ്രവർത്തനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന കാഞ്ഞിരോട് മായൻമുക്കിലെ സഫ പാലസിൽ യു.വി. ആബിദയാണ് വേറിട്ട കൃഷിപാഠം തീർക്കുന്നത്.
സ്വന്തമായി വിഷരഹിത പച്ചക്കറി വിളയിക്കണമെന്ന ചിന്തയിൽ വീട്ടുപരിസരത്ത് വിത്തിറക്കി. വിജയമായതോടെ വീടിന് മുകളിൽ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള മട്ടുപ്പാവും കൃഷിയിടമാക്കി. അൽ ഹുദ ഹോളിഡേ മദ്റസ അധ്യാപികയും സംഗമം അയൽക്കൂട്ടം ഭാരവാഹിയുമായ ആബിദ ഒഴിവുസമയങ്ങളാണ് കൃഷിക്കായി വിനിയോഗിക്കുന്നത്.
തക്കാളി, ക്യാബേജ്, കോളിഫ്ലവർ, മുളക്, വെണ്ട, കയ്പ, ചീര, വഴുതന തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളയിച്ചത്. ഭർത്താവ് ബഷീർ, മക്കളായ അഫ് ലഹ്, റിസ, റനീം എന്നിവരും ആബിദയെ കൃഷിയിൽ സജീവമായി സഹായിക്കുന്നുണ്ട്.
ഗ്രോബാഗുകളിലും മറ്റും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനാൽ പച്ചക്കറികൾ ഗുണകരമാണെന്ന് കഴിഞ്ഞ ദിവസം കൃഷിയിടം സന്ദർശിച്ച മുണ്ടേരി കൃഷി ഓഫിസർ എസ്. ഗീതു, പെസ്റ്റ് സ്കൗട്ട് കെ. സുജിന എന്നിവർ പറഞ്ഞു. ആബിദയുടെയും കുടുംബത്തിന്റെയും വേറിട്ട കൃഷിപാഠം നാട്ടിലെ മറ്റ് വീട്ടമ്മമാർക്കും പ്രചോദനമായിട്ടുണ്ട്.


