'സ്വർണം കായ്ക്കുന്ന' മുരിങ്ങ; ഏത് വേനലിലും കൃഷിചെയ്യാം, മഹാദേവിന്‍റെ വരുമാനം ഏക്കറിൽ നിന്ന് 10 ലക്ഷം
text_fieldsമഹാദേവ് മോറി
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ കൃഷിക്കാരനാണ് മഹാദേവ് മോറി. മഹാദേവ് മോറിയുടെ അച്ഛനും മുത്തച്ഛനുമെല്ലാം കൃഷിക്കാരായിരുന്നു. ഇടക്കിടെ വരൾച്ചയുണ്ടാകുന്ന ഇവരുടെ നാട്ടിൽ ചോളവും ബജ്രയും പയറുവർഗങ്ങളുമായിരുന്നു മഹാദേവിന്‍റെ കുടുംബം പരമ്പരാഗതമായി കൃഷിചെയ്തുവന്നത്. 2009ൽ കാർഷികമേഖലയിലേക്ക് ഇറങ്ങിയ മഹാദേവും ഈ രീതിയിൽ തന്നെയാണ് തുടർന്നത്. എന്നാൽ, 2015-16 വർഷത്തിൽ മുരിങ്ങാ കൃഷിയിലേക്ക് തിരിഞ്ഞതോടെ മഹാദേവിന്‍റെ തലവര മാറി. ഇന്ന് ഏക്കറിൽ നിന്ന് 10 ലക്ഷം വരുമാനമുണ്ടാക്കുന്ന മുരിങ്ങാ കർഷകനാണ് മഹാദേവ് മോറി.
2009ൽ കൃഷിയിലേക്കിറങ്ങിയപ്പോൾ തന്നെ മഹാദേവ് പല പരീക്ഷണങ്ങളും നടത്തിയിരുന്നു. രാസവളങ്ങൾ ഉപയോഗിച്ച് തുടങ്ങുകയും വാഴപ്പഴവും കരിമ്പും കൃഷി ചെയ്യുകയും ചെയ്തു. 2015ൽ മരച്ചീനി കൃഷിയിൽ ചില പരീക്ഷണങ്ങൾ നടത്തിയെങ്കിലും വിജയമായില്ല. പിന്നീട്, ഒരു യാത്രയ്ക്കിടെയാണ് മുരിങ്ങ കൃഷി ചെയ്യുന്ന കർഷകനെ കണ്ടുമുട്ടിയത്. വരൾച്ച മേഖലയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഇനമാണ് മുരിങ്ങ എന്ന് മഹാദേവ് മനസ്സിലാക്കി. ചെറിയ മുരിങ്ങാച്ചെടികൾക്ക് നിരന്തരം പരിചരണവും വെള്ളവും ആവശ്യമാണെങ്കിലും ഇത് വളർന്നു വലുതാകുന്നതോടെ വരൾച്ചയെ അതിജീവിക്കാനുള്ള ശേഷി നേടും.
മുരിങ്ങ കൃഷിയിലേക്ക് ഇറങ്ങിയ മഹാദേവിന് തുടക്കത്തിൽ കനത്ത തിരിച്ചടിയായിരുന്നു. 2018ൽ ഒമ്പതര ഏക്കറിൽ മുരിങ്ങ കൃഷി ചെയ്തെങ്കിലും പിന്നീട് എത്തിയ കൊറോണ കാലം പ്രതിസന്ധിയായി. ഉൽപ്പാദിപ്പിച്ച മുരിങ്ങാക്കോലുകൾ വിൽക്കാൻ സാധിക്കാതായതോടെ വലിയ നഷ്ടമുണ്ടായി.
പിന്നീട്, മുരിങ്ങയെ കുറിച്ചും വിപണിയെ കുറിച്ചും വിശദമായി പഠിച്ചു. നേരത്തെ മുരിങ്ങാക്കോൽ ആയിരുന്നു മുഖ്യവിളവായി കണ്ടിരുന്നതെങ്കിൽ പിന്നീട് മഹാദേവ് മുരിങ്ങയുടെ ഇലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഏറെക്കാലം കേടുകൂടാതെ ഇരിക്കുമെന്നതും മുരിങ്ങാ പൗഡറിന് വിദേശത്തുൾപ്പെടെ വലിയ ഡിമാൻഡ് ഉണ്ട് എന്നുള്ളതും മനസ്സിലാക്കി. കൂടുതൽ ഇലകൾ ലഭിക്കുന്ന തരത്തിലുള്ള മുരിങ്ങയിനം 2020ൽ നട്ടു. 6.5 ഏക്കറിലായിരുന്നു കൃഷി. മൂന്നുവർഷംകൊണ്ട് ആദ്യ വിളവെടുപ്പ് നടത്തി. കൂടുതൽ വിളവ് ലഭിക്കുന്ന മുരിങ്ങയിനങ്ങൾ കണ്ടെത്തി കൃഷി ചെയ്തു. ഇതിൽനിന്ന് മെച്ചപ്പെട്ട ലാഭമുണ്ടായി.
തുടക്കത്തിൽ ഒരേക്കറിൽ കൃഷി ചെയ്യാൻ 20,000 രൂപ മാത്രം മതിയാകും. ഒരു ഏക്കറിൽ മുഴുവൻ നടാൻ അരക്കിലോ മുരിങ്ങ വിത്തുകൾ മാത്രം മതി. ഇത് നേരിട്ട് മണ്ണിൽ നടാം. മുരിങ്ങാ വിത്തിന് കിലോയ്ക്ക് 4000 രൂപയാണ് വില. ഒരേക്കറിൽ 12,000 മുരിങ്ങ തൈകൾ വരെയാണ് ഇവർ വളർത്തിയത്.
മുരിങ്ങ ഇലകൾ തണലിൽ വച്ച് ഉണക്കിയെടുക്കുകയോ അല്ലെങ്കിൽ ഡ്രൈയർ ഉപയോഗിച്ച് ഉണക്കുകയോ ചെയ്യാം. ആറര ഏക്കറിൽ നിന്നും 32 ടൺ മുരിങ്ങ പൗഡറാണ് മഹാദേവ് വർഷം ഉൽപ്പാദിപ്പിക്കുന്നത്. ഇത് കിലോയ്ക്ക് 80 മുതൽ 120 രൂപയ്ക്ക് വരെയാണ് ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുന്നത്. വിദേശത്തേക്കാണെങ്കിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ വില ലഭിക്കും. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്കും യു.എസ്, നേപ്പാൾ എന്നിവിടങ്ങളിലേക്കും മഹാദേവ് മുരിങ്ങ പൗഡർ കയറ്റി അയക്കുന്നുണ്ട്. 60 ലക്ഷമാണ് കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം. ഒരേക്കറിന് തൊഴിലാളികളുടെ കൂലിയും മറ്റു ചെലവും ഉൾപ്പെടെ ഒരു ലക്ഷമാണ് ചെലവ്. ആറര ഏക്കറിന് ആറ് ലക്ഷം ചെലവ് കഴിച്ച് 50 ലക്ഷത്തിലേറെ രൂപ മഹാദേവ് മുരിങ്ങാകൃഷിയിൽ നിന്ന് വരുമാനമായി നേടുന്നു.
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ
പ്രോട്ടീൻ, കാൽസ്യം(calcium), അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില(moringa leaves). കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല...
ഒന്ന്...
മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
രണ്ട്...
മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
മൂന്ന്...
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതിൽ അടങ്ങിയിട്ടുണ്ട്.
നാല്...
ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അഞ്ച്...
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നു.