കൃഷി വളമാക്കി വളർത്തിയെടുത്ത സംരംഭം
text_fieldsജില്ല മാറുകയാണ്. തൊഴിലന്വേഷിച്ച് നടക്കുന്ന കൂലിപ്പണിക്കാരുടെ എണ്ണം കുറഞ്ഞ്വരുന്നു. സംരംഭങ്ങൾ തുടങ്ങുകയും അതിലൂടെ ജീവിതവഴി കണ്ടെത്തുകയും ചെയ്യുന്നവർ ഏറിവരുന്നു. ഇതിനകം സംരംഭകരായവർ മറ്റുള്ളവർക്കും മാതൃക കാട്ടുകയാണ്. എന്ത് ചെയ്യും എന്ത് തുടങ്ങും എന്നൊക്കെയോർത്ത് ശങ്കിച്ചു നിൽക്കുന്നവർ ഇതൊക്കെ കാണുക. നിങ്ങൾക്കും ജീവിതവഴിയാണ് ഇവർ കാട്ടിത്തരുന്നത്. ജില്ലയിൽ സംരംഭങ്ങൾ തുടങ്ങി വിജയം വരിച്ചവരുടെ അനുഭവഗാഥകൾ ഇന്നു മുതൽ മാധ്യമത്തിൽ...
ചാരുംമൂട്: സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ആത്മാർഥമായി പരിശ്രമിക്കണമെന്ന വാശിയായിരുന്നു റുബീനക്ക്. ആ പരിശ്രമം വിജയം കണ്ടു. സ്വപ്നസാഫല്യമായി സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്തുയർത്തിയ റുബീന വനിത സംരംഭകർക്ക് മാതൃകയാണ്. നൂറനാട് മുതുകാട്ടുകര സൽമാൻ മൻസിലിൽ റുബീന ഷിബു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന വിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി സ്വന്തം ബ്രാൻഡിൽ വിൽപന നടത്തുകയാണ്. ‘റുബീനാസ് നന്മ ഓർഗാനിക് ഷോപ്പ്’, നന്മ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ, നന്മ അഗ്രോ ബസാർ എന്നീ പേരുകളിൽ ഉൽപന്നങ്ങൾ വിൽക്കാൻ മൂന്നിടത്തു വിൽപനശാലകൾ തുറന്നു. ഇവയിലൂടെ ഏഴ് പേർക്ക് ജോലി നൽകാനുമായി.
നാടറിയുന്ന കാർഷിക സംരംഭകയായി മാറിയതിനു പിന്നിൽ കൈമുതലായത് അധ്വാനിക്കാനുള്ള ആത്മാർഥമായ ശ്രമമാണ്. പ്രവാസിയായ ഭർത്താവിന്റെ ബുദ്ധിമുട്ടുകൾക്ക് സഹായകരമായി നാട്ടിൽ എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് കൃഷിയിലേക്കെത്താൻ കാരണമായത്. മണ്ണിനെ സ്നേഹിച്ചാൽ പൊന്നു തരുമെന്ന ഉപ്പയുടെ വാക്കുകളുടെ പ്രചോദനത്തിൽ 12 വർഷം മുമ്പ് കൃഷിയിലേക്കിറങ്ങുകയായിരുന്നു. വീടുൾപ്പെടെ നിൽക്കുന്ന 15 സെന്റ് സ്ഥലത്ത് കൃഷി തുടങ്ങി. ഗ്രോ ബാഗിൽ പച്ചക്കറി നട്ടായിരുന്നു തുടക്കം.
വീട്ടിലെ ആവശ്യങ്ങൾക്കുള്ള പച്ചക്കറി സ്വയം ഉണ്ടാക്കി. കൃഷിരീതികൾ കൂടുതലറിഞ്ഞ് ഒരുപാടിഷ്ടമുള്ള ചെടികൾ നട്ടു. ഉമ്മയുടെ മാതൃക പിൻതുടർന്ന് കോഴി, ആട് മുയൽ ഇവയൊക്കെ വളർത്തി വരുമാന മാർഗം കണ്ടെത്തി. ജീവിതത്തെ മാറ്റിമറിച്ചത് പാലമേൽ കൃഷി ഓഫിസറായിരുന്ന പി. രാജശ്രീയുടെ പിന്തുണയായിരുന്നുവെന്ന് റുബീന പറയുന്നു. സിംഗപ്പൂരിലേക്ക് പോകുന്ന സുഹൃത്തിന് നൽകിയ അച്ചാറിന് കിട്ടിയ 2000 രൂപയാണ് ആദ്യ വരുമാനം. തുടർന്ന് അച്ചാറിന് ആവശ്യക്കാർ ഉണ്ടായതോടെ കുടുംബശ്രീയുമായി ചേർന്ന് നന്മ ഫുഡ് പ്രോസസിങ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഷോപ്പുകൾ തുടങ്ങി.
കൃഷിയിലേക്കിറങ്ങിയപ്പോൾ കളിയാക്കിയവർക്ക് ജീവിതം കൊണ്ടാണ് റുബീന മറുപടി നൽകിയത്. ഇന്നും വീടിനു ചുറ്റുമുള്ള 15 സെന്റിൽ ഒരിഞ്ചുപോലും പാഴാക്കാതെയാണ് കൃഷി. ഇവിടെ കസ്തൂരി മഞ്ഞൾ, കരിയിഞ്ചി, കരിമഞ്ഞൾ, പാവൽ, പടവലം, നിത്യവഴുതന, അടതാപ്പ് എന്നിവ കൃഷി ചെയ്യുന്നു. അതിനു പുറമേ ഭക്ഷ്യോൽപന്ന നിർമാണ കേന്ദ്രം, ജൈവവള നിർമാണ യൂനിറ്റ്, നഴ്സറി എന്നിവയും ഇവിടെത്തന്നെയാണ് ഒരുക്കിയിട്ടുള്ളത്. 40 ചെറുതേനീച്ചപ്പെട്ടികളും ഇവിടെയുണ്ട്.
പുറത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിലും 50 വൻതേനീച്ച പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. തേനിനു പുറമേ വീട്ടിൽ സ്വന്തം കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്നുള്ള മഞ്ഞൾപ്പൊടി, കസ്തൂരി മഞ്ഞൾപ്പൊടി, ഉരുക്കുവെളിച്ചെണ്ണ, വിവിധയിനം പച്ചക്കറികളും പഴങ്ങളും കൊണ്ടുള്ള അച്ചാർ, ജാം, ചക്ക ഉൽപന്നങ്ങൾ എന്നിവ ‘റുബീനാസ് നന്മ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നു. റുബീനാസ് നന്മയിൽ മൂല്യവർധിത ഉൽപന്നങ്ങൾക്കൊപ്പം പച്ചക്കറിത്തൈകളും ജൈവവളവുമെല്ലാം വിൽപനക്കുണ്ട്.
മികച്ച ജൈവ കർഷകക്കുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ജില്ലതല പുരസ്കാരം, കേരള വിഷൻ സ്പെഷ്യൽ ജൂറി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തി. എം.ജി സർവകലാശാലയുടെ ജൈവകൃഷി ഡിപ്ലോമ കോഴ്സ്, വളം നിർമാണത്തിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ദേശി ഡിപ്ലോമ, കാസർകോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഐ.എൻ.എം, കായംകുളം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും അഗ്രികൾച്ചറൽ ഡിപ്ലോമ എന്നിവയും പൂർത്തിയാക്കി. കുടുംബശ്രീ സഹായിക്കാനുണ്ടായിരുന്നുവെന്ന് റുബീന പറഞ്ഞു. നാട്ടുകാർക്ക് അറിവുകൾ പകർന്നു നൽകിയും കർഷകരെ സഹായിക്കാനും അവരോടൊപ്പം ജീവിക്കാനും കഴിയുന്നത് ഭാഗ്യമാണെന്നും റുബീന പറയുന്നു.
പാലമേൽ കൃഷിഭവൻ പരിധിയിൽ ‘കർഷകമിത്ര’യായും ജോലി ചെയ്യുന്ന റുബീന , കർഷകർക്ക് ജൈവകൃഷിയിലും മൂല്യവർധിത ഉൽപന്ന നിർമാണത്തിലും പരിശീലനവും നൽകുന്നു. എല്ലാ പിന്തുണയും നൽകി ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ ഭർത്താവ് ഷിബുവും മക്കളായ സൽമാൻ ഷായും സന ഫാത്തിമയും ഒപ്പമുണ്ട്.