കൃഷിയിലും മികവുതെളിയിച്ച് അധ്യാപകൻ
text_fieldsവിനോദ്കുമാർ കൃഷിയിടത്തിൽ
ചാരുംമൂട്: അധ്യാപനം മാത്രമല്ല കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്ത് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വിനോദ് കുമാർ. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകനായ വിനോദ്കുമാർ തന്റെ 80 സെന്റ് സ്ഥലത്ത് കൃഷി നടത്തി മാതൃകയാവുകയാണ്.
ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, ചാരപ്പൂവൻ എന്നിവയും കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ, വഴുതന, വെണ്ട, കോവൽ, തക്കാളി, കറിവേപ്പ്, പച്ചമുളക്, ചീര, പടവലം, പാവൽ, കുരുമുളക് തുടങ്ങി വൈവിധ്യമാർന്ന വിളകൾ ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. പപ്പായ തോട്ടവും കൂൺ കൃഷിയും ബന്ദിയും നന്നായി പരിപാലിക്കുന്നു.
പത്തു വർഷമായി ആടുവളർത്തലും ചെയ്തു വരുന്നു. കരിമുളക്കൽ പ്രവർത്തിക്കുന്ന കാർഷിക വിപണിയിലൂടെയാണ് പ്രധാനമായും ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്.
ചുനക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കോമല്ലൂർ മെഴുവേലിൽ വിനോദ് കുമാർ രണ്ടുവർഷമായി കാർഷികരംഗത്ത് സജീവമായത്. നിർദേശവും ഉപദേശങ്ങളും നൽകി ചുനക്കര കൃഷി ഓഫിസറും മുൻ കൃഷി ഓഫിസർ വള്ളികുന്നം രാമചന്ദ്രനും ചുനക്കര കൃഷിഭവൻ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
മക്കളായ വിനായക് വിനോദ്, വൈഷ്ണവി വിനോദ്, ജി.എസ്.ടി വകുപ്പിൽ സീനിയർ ക്ലർക്കായ ഭാര്യ പി.ആർ. രശ്മി, ഭാര്യയുടെ മാതാപിതാക്കളായ രാധാകൃഷ്ണൻ നായർ, രമാദേവി എന്നിവർ അടങ്ങുന്ന കുടുംബം നൽകുന്ന പിന്തുണയാണ് ഇദ്ദേഹത്തിന്റെ വിജയരഹസ്യം.