25 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലെത്തി; പരിചയസമ്പത്തില്ലാതിരുന്നിട്ടും നെൽകൃഷിയിൽ നൂറുമേനി....
text_fieldsപുങ്ങംചാൽ പാടത്ത് നെൽപാടം കൊയ്യുന്ന മോഹനൻ നായർ
നീലേശ്വരം (കാസർകോട്): കൊയ്ത്തുപാട്ടിന്റെ ഈണത്തോടെ വിളഞ്ഞുനിൽക്കുന്ന നെൽപാടത്ത് അരിവാളുമായി കുട്ടികളുമെത്തിയപ്പോൾ മോഹനൻനായരുടെ വിളപ്പെടുപ്പിന് ഉത്സവച്ഛായയായി. 25 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി കൃഷിയിലേക്കിറങ്ങിയ ഈ കർഷകൻ നെൽകൃഷിയിൽ നൂറുമേനി വിളവെടുത്തു. പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള രണ്ട് ഏക്കർ പാടം പാട്ടത്തിനെടുത്താണ് നെൽകൃഷിയിറക്കിയത്.
ദുബൈ ആട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്കായിരുന്നു. പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
നെൽകൃഷിയിൽ പരിചയസമ്പത്ത് ഒന്നുമില്ലാതിരുന്ന ഈ പ്രവാസി എല്ലാ തടസ്സങ്ങളും അതിജീവിച്ചാണ് തരിശ്ശുപാടത്ത് പൊൻകതിർ വിരിയിച്ചത്. അത്യുൽപാദന ശേഷിയുള്ള ഉമ നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഞാറ്റടി തയാറാക്കിയായിരുന്നു കൃഷിയിറക്കിയത്.
നാട്ടിലെ കുട്ടികൾക്കും നെൽകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയെന്ന ലക്ഷ്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കുട്ടികളെ വയലിൽ ഞാറു നടാൻ കൂട്ടിയതുപോലെ കൊയ്യാനും ഒപ്പം കൂടി.


