ഡെയറി ഫാമിൽ വിജയം രചിച്ച് ദമ്പതികൾ
text_fieldsവിഘ്നേഷും ശരണ്യയും ദക്ഷാസ് ഡെയറി ഫാമിൽ
കുന്ദമംഗലം: കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർ മിക്കവാറും ചെറുകിട കർഷകരോ സ്വന്തമായി കൂടുതൽ ഭൂമിയില്ലാത്ത കർഷക തൊഴിലാളികളോ ആയിരിക്കും. ഇതുപോലെ വിജയകരമായ രീതിയിൽ പശുഫാം നടത്തുന്ന ഒരു കുടുംബമുണ്ട് കുന്ദമംഗലം കോട്ടാംപറമ്പിൽ; വിഘ്നേഷും ശരണ്യയും നടത്തുന്ന ദക്ഷാസ് ഡെയറി ഫാം.
മൂന്നു വർഷം മുമ്പാണ് ഫാം ആരംഭിക്കുന്നത്. ശരണ്യ കുടുംബശ്രീ മുഖേന മൂന്നു ലക്ഷത്തോളം രൂപയുടെ ലോൺ എടുത്താണ് തുടക്കം. പിന്നീട് ബന്ധുക്കളിൽനിന്നും മറ്റും കടം വാങ്ങിയും ആഭരണങ്ങൾ പണയംവെച്ചുമാണ് മുന്നോട്ടുപോയത്. വീടിന് തൊട്ടടുത്ത് ഭൂമി വാടകക്കെടുത്താണ് ഫാം നടത്തുന്നത്.
കേന്ദ്ര സർക്കാറിന്റെ ലോണിന് അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തമായുള്ള സ്ഥലത്തല്ല ഫാം എന്നതിനാൽ ലോൺ ലഭിച്ചില്ല. നിലവിൽ മറ്റുള്ള എല്ലാ കടങ്ങളും വീട്ടി. ലോൺ ഇനത്തിൽ മാത്രം ചെറിയ തുകയുംകൂടി ബാക്കിയുണ്ട്.
മറ്റേതെങ്കിലും തൊഴില് മേഖല ആവശ്യപ്പെടുന്നതിലും അധികം അധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോൽപാദന മേഖലക്ക് അത്യാവശ്യമാണ്. നിത്യേനയുള്ള കറവയും തീറ്റകൊടുക്കലും തൊഴുത്തു വൃത്തിയാക്കലുമെല്ലാം നമ്മുടെ സൗകര്യങ്ങള്ക്കനുസരിച്ച് മാറ്റിവെക്കാൻ കഴിയില്ലെന്നതിനാൽ ഈ മേഖലയോട് ഇഷ്ടവും വേണമെന്ന് ദമ്പതികൾ പറയുന്നു. ഒരു പശുക്കുട്ടിയിൽനിന്ന് തുടങ്ങിയ ദക്ഷാസ് ഡെയറി ഫാമിൽ നിലവിൽ 10 കറവപ്പശുക്കളും ഒരു ഗർഭിണി പശുവും മൂന്നു കുട്ടിപ്പശുക്കളും ഉണ്ട്.
എച്ച്.എഫ്, ജഴ്സി, ക്രോസ് ഇനങ്ങളിലുള്ളവയാണ് ഇവ. ബംഗളൂരു, ഊട്ടി, കോയമ്പത്തൂർ, പൊള്ളാച്ചി, തെങ്കാശി, മധുരൈ തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പശുക്കളെ കൂടുതലായും കേരളത്തിലെത്തിക്കുന്നത്. ഫാം വിപുലീകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതിയാണ് പ്രശ്നമെന്ന് ഇവർ പറയുന്നു.
ദിവസവും 120 ലിറ്ററിൽ അധികം പാൽ ലഭിക്കുന്നുണ്ട്. സൊസൈറ്റിയിലും വീടുകളിലുമാണ് വിൽപന. വിഘ്നേഷാണ് പാൽ വിൽപന നടത്തുന്നത്. അച്ഛനും അമ്മയും ഇവരെ സഹായിക്കുന്നു. ലിറ്ററിന് 70 രൂപ ലഭിക്കുന്നുണ്ട്.
പശുക്കൾക്ക് വയ്ക്കോൽ, പച്ചപ്പുല്ല്, കാലിത്തീറ്റ, കാൽസ്യം എന്നിവ നൽകുന്നുണ്ട്. വയനാട്ടിൽനിന്ന് വരുന്ന പച്ചപ്പുല്ല് ആറു ദിവസം കൂടുമ്പോൾ ഒരു ലോഡ് വരും. 8000 രൂപയിലധികം വരും ഇതിന്. അതുപോലെ ഒന്നരച്ചാക്ക് കാലിത്തീറ്റയും ദിവസവും നൽകുന്നുണ്ട്. 3500 രൂപയിലേറെ ഒരു ദിവസം ചെലവ് വരും.
പുലർച്ച നാലു മുതൽ വിഘ്നേഷും ശരണ്യയും ഫാമിൽ ജോലി ആരംഭിക്കും. അഞ്ചു മണി കഴിഞ്ഞാൽ പശുക്കളുടെ പാൽ കറക്കും. ഈ ജോലി രാവിലെ 9.30 വരെ നീളും. വീണ്ടും ഉച്ചക്കുശേഷം ഒന്നര മണി മുതൽ രാവിലത്തേതുപോലെ തുടരും. പശുക്കളെ ദിവസവും രണ്ടു നേരം കുളിപ്പിക്കും. വെള്ളത്തിന്റെ ആവശ്യത്തിനായി ഫാമിൽ കുഴൽ കിണർ കുഴിച്ചിട്ടുണ്ട്. പശുക്കളുടെ ചികിത്സ സ്ഥിരമായി ചെയ്യുന്നത് ഡോ. ശിവൻ ആണ്.
ചാണകവും ചാണകപ്പൊടിയും ഇവർ വിൽക്കുന്നുണ്ട്. മഴക്കാലത്താണ് ഇതിന് കൂടുതൽ ആവശ്യക്കാരെത്തുന്നത്. കൂടാതെ തൈര്, മോര് എന്നിവയും ആവശ്യാനുസരണം ഉണ്ടാക്കുന്നുണ്ട്. പച്ചപ്പുൽ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ ചെയ്യുന്നില്ല.
ഫാം ഒന്നുകൂടി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് വിഘ്നേഷ്-ശരണ്യ ദമ്പതികൾ. ഫാമിനായി വാങ്ങിയ ഏതാണ്ടെല്ലാ കടങ്ങളും വീട്ടി. കുടുംബത്തിന്റെ ഉപജീവനം ഫാമുകൊണ്ട് നല്ല രീതിയിൽ നടന്നുപോകുന്നുണ്ടെന്നും ശരണ്യ ‘മാധ്യമ’ത്തോട് പറഞ്ഞു. മക്കൾ: ദക്ഷ ലക്ഷ്മി, ദയാൽ കൃഷ്ണ.


