Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightമധുരമൂറുന്ന തേൻചക്ക...

മധുരമൂറുന്ന തേൻചക്ക തരും ഈ കുള്ളൻ പ്ലാവ്; നമുക്കും നട്ടുപിടിപ്പിക്കാം ‘ഹണി ഗോൾഡ്’

text_fields
bookmark_border
മധുരമൂറുന്ന തേൻചക്ക തരും ഈ കുള്ളൻ പ്ലാവ്; നമുക്കും നട്ടുപിടിപ്പിക്കാം ‘ഹണി ഗോൾഡ്’
cancel

കേരളത്തിന്റെ സംസ്ഥാന പഴം എന്നതിലുപരി ചക്ക മലയാളികളുടെ വികാരമാണ്. നമ്മുടെ ചുറ്റിലുമുള്ള പറമ്പുകളിൽ വളരെ സുലഭവും അടുക്കളയിലെ പലതര വിഭവങ്ങളുടെ മാതാവുമാണ് ചക്ക. നമ്മുടെ നാട്ടിൽ കാണുന്ന തേൻവരിക്കയും പഴംചക്കയും മാത്രമല്ല കേട്ടോ.. വിദേശത്തും സ്വദേശത്തും വളരുന്ന ഒട്ടനേകം പ്ലാവുകൾ ഇന്ന് ലോകത്തുടനീളമുണ്ട്. അതിൽ കേരളത്തിൽ വളരുന്നതും അല്ലാത്തതുമായ ഇനങ്ങളുണ്ട്. എന്നാൽ ഭൂരിഭാഗം ഇനങ്ങളും കേരളത്തിന്റെ കാർഷിക സാഹചര്യത്തിൽ വളരുന്നവയാണ്. അതിലൊന്നാണ് ‘ഹണി ഗോൾഡ്’.

‘ഹണി ഗോൾഡ്’ എന്ന കുള്ളൻ പ്ലാവ്

പ്ലാവുകളിലെ കുഞ്ഞനാണ് ഓസ്‌ട്രേലിയക്കാരനായ ഈ ‘ഹണി ഗോൾഡ്’. വളരെ കുറഞ്ഞ നീളത്തിൽ വളരുന്നതും കായ്ക്കുന്നതുമായ ഈ കുള്ളൻ ഏകദേശം 8 മുതൽ 10 അടി വരെയാണ് ഉയരമുണ്ടാകുക. അതുകൊണ്ടുതന്നെ ചെറിയ ചട്ടികളിലോ നിലത്തോ വളർത്താൻ അനുയോജ്യമായതുമായ ഒരു മരമാണിത്. മരം നട്ട് 3 മുതൽ 4 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. വർഷത്തിൽ 100 മുതൽ 200 വരെ ചക്കകൾ തരുന്ന ഇനമാണിത്. ഒരു ചക്കയ്ക്ക് ഏകദേശം 4.5 മുതൽ 5.5 കിലോഗ്രാം വരെ ഭാരമുണ്ടാകും.

ചുളകളാണെങ്കിൽ കടും ഓറഞ്ച് നിറവും, നല്ല മധുരവും, മൃദുവായതുമാണ്. വിറ്റാമിൻ എ, സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നവുമാണ് ഈ മിടുക്കൻ.

എങ്ങനെ വളർത്താം..?

കേരളത്തിലെ കാലാവസ്ഥയിൽ ഈ ഇനം വളരുമെങ്കിലും കൃത്യമായ പരിചരണവും പരിപാലനവും അത്യാവശ്യമാണ്. കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥ ഹണി ഗോൾഡ് ചക്ക വളർത്താൻ വളരെ അനുയോജ്യമാണ്.

കുള്ളൻ ആയതുകൊണ്ട് തന്നെ വലിയ വലിപ്പമുള്ള ചട്ടികളിലോ, 100 ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രമ്മുകളിലോ നട്ട് ടെറസിൽ വെക്കാം. നിലത്താണ് നടുന്നതെങ്കിൽ 2 അടിയുള്ള കുഴിയെടുത്ത് അതിൽ മേൽമണ്ണും ചാണകപ്പൊടിയും കുറച്ച് എല്ലുപൊടിയും ചേർത്ത് മിക്സ് ചെയ്ത് വേണം തൈ നടാൻ. ഈ മരത്തിന് നല്ലതുപോലെ സൂര്യപ്രകാശം ആവശ്യമാണ്. മറ്റ് വലിയ മരങ്ങളുടെ തണലിൽ നടരുത്. അത് പ്രത്യേകം ശ്രദ്ധിക്കണം.

തൈ നട്ട ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ദിവസവും നനയ്ക്കണം. മരം വളർന്നു കഴിഞ്ഞാൽ മണ്ണിലെ ഈർപ്പം നോക്കി ആവശ്യത്തിന് മാത്രം നനച്ചാൽ മതിയാകും. വേരുകളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

വർഷത്തിൽ മൂന്നോ നാലോ തവണ ജൈവവളങ്ങൾ (ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, കമ്പോസ്റ്റ്) നൽകുന്നത് നല്ലതാണ്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ചു കൊടുക്കുന്നത് വേഗത്തിൽ വളരാൻ സഹായിക്കും. ചെടിയുടെ വലിപ്പം നിയന്ത്രിക്കാനും കൂടുതൽ ശാഖകൾ വന്ന് വേഗത്തിൽ കായ്ക്കാനും വർഷത്തിൽ ഒരിക്കൽ പ്രൂണിങ് നടത്തുന്നത് നല്ലതാണ്. ഉണങ്ങിയതും രോഗം ബാധിച്ചതുമായ ചില്ലകൾ കൃത്യമായി മുറിച്ചു മാറ്റുന്ന രീതിക്കാണ് പ്രൂണിങ് എന്ന് പറയുന്നത്.

തൈകൾ എവിടെക്കിട്ടും..?

കേരളത്തിലെ പ്രമുഖ എക്സോട്ടിക് ഫ്രൂട്ട് നഴ്സറികളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഹണി ഗോൾഡ് ചക്കയുടെ ബഡ്ഡ്/ഗ്രാഫ്റ്റ് ചെയ്ത തൈകൾ ലഭ്യമാണ്. ഓൺലൈൻ നഴ്സറികളായ ഗ്രീൻ ഓഫ് കേരള, ആയുഷ് കേരള നഴ്സറി, കേരള ഗ്രൗൺ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളിൽനിന്ന് നിങ്ങൾക്ക് തൈകൾ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്. സുരക്ഷിതമായ പാക്കിങ്ങിലൂടെ ഇവ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. തൈകൾ വാങ്ങുമ്പോൾ വിത്തുപാകി മുളപ്പിച്ചതിന് പകരം വേഗത്തിൽ കായ്ക്കുന്ന ബഡ്ഡ് തൈകൾ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Show Full Article
TAGS:Agri News agriculture jackfruit Plough Planting tree Madhyamam 
News Summary - This dwarf plantain will yield sweet honeydew; we too can plant 'Honey Gold'
Next Story