‘കറുത്ത പൊന്ന്’ നടേണ്ട സമയം ഇതുതന്നെ; നടീൽ രീതിയും ഇനങ്ങളും
text_fieldsകേരളക്കരയുടെ കറുത്ത പൊന്ന്.. പറങ്കികളും ഡച്ചുകാരും അറബികളും യുഗങ്ങൾ താണ്ടി തേടിവന്ന നമ്മുടെ സ്വന്തം കുരുമുളക്! രുചിയിലും മണത്തിലും മാത്രമല്ല, വിലയിലും വിപണി കത്തിക്കുന്ന അമൂല്യമാണ് ഈ വിള. ഇന്ന് ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കുരുമുളക് കൃഷി. നല്ല രീതിയിൽ പരിചരണം ആവശ്യമാണെങ്കിലും വിളവെടുപ്പ് കാലത്ത് പൊന്നുകൊയ്യാൻ ഇതൊരു നല്ല വരുമാനമാർഗമാണ്. എന്നാൽ എപ്പോൾ നടണം, എങ്ങനെ നടണം എന്ന് കൃത്യമായി അറിഞ്ഞില്ലെങ്കിൽ വിചാരിച്ച ലാഭം കിട്ടണമെന്നില്ല. കുരുമുളക് കൃഷി ഇറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയത്തെക്കുറിച്ചും, തുടക്കത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ഇന്നത്തെ വീഡിയോയിൽ നമുക്ക് വിശദമായി നോക്കാം.
നടീൽ സമയം
കുരുമുളകുതൈകൾ നടാൻ പറ്റുന്ന ഏറ്റവും നല്ല സമയമാണ് ജൂണ്‍– ജൂലൈ മാസങ്ങൾ. അതായത് തിരുവാതിര ഞാറ്റുവേലയുടെ പകുതിയിലാണ് ഉത്തമം. ഈ ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും തൈകൾ പിടിച്ചുകിട്ടാൻ യോജ്യമാണ്.
നടീൽ രീതി
നല്ല നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണാണു കുരുമുളക് നടാൻ വേണ്ടത്. സൂര്യാഘാതസാധ്യതയുള്ളതിനാൽ തെക്കൻ ചെരിവുള്ള പ്രദേശങ്ങൾ ഒഴിവാക്കാം. വലിയ മണികളോടുകൂടിയ തിരികളും നല്ല മണിപിടിത്തവുമുള്ള കൊടികളാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. നിരപ്പായ സ്ഥലങ്ങളിൽ 3 മീറ്റർ അകലത്തിൽ കൊടികൾ നടാം. ചെരിവുള്ളിടത്ത് രണ്ടു വരികൾ തമ്മിൽ 4 മീറ്ററും കൊടികൾ തമ്മീൽ 2 മീറ്ററും അകലം നൽകണം. ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുമഴ ലഭിക്കുന്നതോടെ താങ്ങുകാലുകൾ നടണം.
കമുക്, തെങ്ങ്, പ്ലാവ് എന്നിവയിലും കൊടി വളർത്താം. താങ്ങുമരങ്ങളുടെ പ്രധാന തടിയിൽനിന്ന് 30 സെ.മീ. അകലത്തിൽ 50സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്താണ് തൈകൾ നടോണ്ടത്. കുഴിയിൽ അഴുകിപ്പൊടിഞ്ഞ കാലിവളം 5 കിലോ, 50ഗ്രാം ട്രൈക്കോഡെർമ ചേർത്ത് ഇട്ടു കൊടുക്കണം. മഴക്കാലത്ത് വെള്ളം വാർന്നുപോകണം. കെട്ടിക്കിടന്നാൽ ചീഞ്ഞുപോകും.
ഒക്ടോബര്‍– നവംബറില്‍ ജൈവവളത്തോടൊപ്പം ഒരു കിലോ വേപ്പിൻപിണ്ണാക്കും 250 ഗ്രാം എല്ലുപൊടിയും ചേർത്തു നൽകാം. ധാരാളം പോഷകമൂലകങ്ങൾ ആവശ്യമുള്ള വിളയാണിത്. പിന്നീട് യൂറിയ 50 ഗ്രാം, റോക്ക് ഫോസ്ഫേറ്റ് 150 ഗ്രാം, പൊട്ടാഷ് 125 ഗ്രാം എന്നയളവിൽ ഒരു കൊടിക്കു നൽകാം.
പ്രധാന ഇനങ്ങൾ
നാടൻ ഇനമായ കരിമുണ്ട, പുതുതായി വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള പൗർണമി, വിജയ്, ഐ.ഐ.എസ്.ആർ മലബാർ, ഐ.ഐ.എസ്.ആർ ഗിരിമുണ്ട, ഐ.ഐ.എസ്.ആർ ശക്തി, ഐ.ഐ.എസ്.ആർ തേവം, ശ്രീകര, ശുഭകര തുടങ്ങിയ ഇനങ്ങളും കൃഷിക്കായി തിരഞ്ഞെടുക്കാം. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നിരവധി ഗവേഷണകേന്ദ്രങ്ങൾ നിരവധി തൈകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


