ഇന്ന് ലോക മുള ദിനം; ഓടയെ പേരിനൊപ്പം ചേർത്ത് മുഹമ്മദ്
text_fieldsഓട മുഹമ്മദ്
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പഴയകടക്കൽ കുന്നുമ്മൽ മുഹമ്മദിന് ഓട (ഈറ്റ) വെറുമൊരു ചെടിയല്ല. അഞ്ചു പതിറ്റാണ്ടായി പേരിനോടൊപ്പം ചേർത്തുള്ള നാട്ടുകാരുടെ വിളിപ്പേരുകൂടിയാണ്. മുളയും ഈറ്റയും കൊണ്ടാണ് 67 കാരനായ മുഹമ്മദ് തെൻറ ജീവിതം നെയ്തെടുത്തത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരമായ കരുവാരകുണ്ട് ഈറ്റയുടെ ഈറ്റില്ലമാണ്. സുൽത്താന, കുണ്ടോട, ചേരി, കണ്ണമ്പള്ളി എസ്റ്റേറ്റുകളിൽ ഈറ്റ പൂത്തുലഞ്ഞു നിൽക്കുന്ന കാലം. അന്ന് 15ാം വയസ്സിൽ ഓടവെട്ട് തുടങ്ങിയതാണ് മുഹമ്മദ്.
ചുണ്ടിയൻമൂച്ചി മുഹമ്മദ് ഹാജി, അബു ഹാജി എന്നിവരുടെ കീഴിലായിരുന്നു ഓടവെട്ട്. പിന്നീട് മുഹമ്മദ് തന്നെ ഗുരുവായി. പേര് ഓട മുഹമ്മദ് എന്നുമായി.
മകര മാസത്തിലാണ് വെട്ട് തുടങ്ങുക. ഒരു സീസണിൽ 20ലേറെ ലോഡ് വെട്ടിയെടുത്ത് തമിഴ്നാട്ടിലേക്കും മറ്റും കൊണ്ടുപോകും. ഈറ്റ ഉൽപന്നങ്ങൾക്ക് വൻതോതിൽ ആവശ്യക്കാരുണ്ടായിരുന്നു അക്കാലത്ത്.
ഒരു മകരത്തിൽ വെട്ടിയാൽ അടുത്ത മകരം ആകുമ്പോഴേക്ക് ഈറ്റ വീണ്ടും തളിർത്ത് മൂപ്പെത്തും. വനത്തിനുള്ളിൽനിന്ന് ഈറ്റ നാട്ടിലെത്തിക്കലാണ് ശ്രമകരം. റോഡില്ലാത്തതിനാൽ കാട്ടിൽനിന്ന് വലിച്ച് കൽക്കുണ്ടിലെത്തിക്കും. അവിടെനിന്ന് പാണ്ടി (ചങ്ങാടം)യാക്കി ഒലിപ്പുഴയിലൂടെ മാമ്പറ്റയിലോ ചിറക്കലിലോ എത്തിക്കും. തുടർന്നാണ് ലോറിയിൽ കയറ്റുക. വനം ദേശസാത്കരിച്ചതോടെ വനം വകുപ്പ് ഈറ്റ ലേലം ചെയ്യാനും ബാംബു കോർപറേഷന് നേരിട്ടു നൽകാനും തുടങ്ങി. ഇതിനിടെ കർണാടകയിലെ ഹാസനിലും ഓട വെട്ടാൻ പോയിരുന്നു. കോയമ്പത്തൂരിലാണ് അത് വിറ്റിരുന്നത്. ഈറ്റ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതായപ്പോൾ ഈ മേഖല നിർജീവമായി. എന്നാലും ഓട മുഹമ്മദ് ഈറ്റവെട്ടിൽ നിന്ന് പൂർണമായും വിരമിച്ചിട്ടില്ല.


