Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightചാമ്പക്ക...

ചാമ്പക്ക നിറഞ്ഞുതുടങ്ങി; ‘ഉമ്മർ’ മുതൽ ‘മധു’ വരെ, വിവിധയിനം തൈകൾ പരിചയപ്പെടാം

text_fields
bookmark_border
ചാമ്പക്ക നിറഞ്ഞുതുടങ്ങി; ‘ഉമ്മർ’ മുതൽ ‘മധു’ വരെ, വിവിധയിനം തൈകൾ പരിചയപ്പെടാം
cancel

പോകുന്നിടത്തെല്ലാം ചുവന്ന കായ്കൾ നിറഞ്ഞുനിൽക്കുന്ന ചാമ്പകൾ കാണുന്ന കാലമാണല്ലേ..? വാഹനത്തിൽ കടന്നുപോകുമ്പോൾ വശത്തെ വീടുകൾക്കുമുന്നിൽ ചാമ്പങ്ങകൾ തുളുമ്പിനിൽക്കുന്നത് കാണുമ്പോൾ വീട്ടുമുറ്റത്തും അതുപോലൊരു തൈ നട്ടുപിടിപ്പിച്ചാലോ എന്ന് ആലോചിക്കാത്തവരായി ആരും ഉണ്ടാകില്ല. രുചിയുടെ കാര്യത്തിലും ഒട്ടും പിറകിലല്ല ചാമ്പക്ക. ഉപ്പിലിട്ടതോ മൂത്ത് പഴുത്ത് പാകമായതോ കഴിക്കുമ്പോൾ പ്രത്യേക രുചി തന്നെയാണ്. കഴിച്ചുമടുത്ത പുളിയും മധുരവും ചേർന്ന ‘ഉള്ളിച്ചാമ്പകൾ’ നമ്മുടെ വീട്ടുപറമ്പിൽ വളരുന്നുണ്ടായിരുന്നു. എന്നാൽ, പറിച്ചുകഴിക്കുന്നതിനെക്കാൾ കൂടുതലും ഇവ മരച്ചുവട്ടിൽവീണ് നശിച്ചുപോകുന്നത് സ്ഥിരമാണ്. എന്നാൽ, ഇന്ന് ആപ്പിളിന്റെ വെല്ലുന്ന രുചിയും അത്യാവശ്യം വലുപ്പവുമുള്ള ചാമ്പക്ക പഴത്തിന്റെ തൈകൾ കാർഷിക രംഗത്തെ വിദഗ്ധർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഇന്ന് കാർഷിക വിപണികളിലും നഴ്സറികളിലും സുലഭമാണ്. ഇത്തരം വിവിധ ഇനത്തിലുള്ള ചാമ്പകൾ പരിചയപ്പെടാം.

വിവിധ ഇനം ചാമ്പകൾ

നൂറുകണക്കിന് ഇനങ്ങളുണ്ടെങ്കിലും നല്ലൊരു ശതമാനം ചാമ്പകളും മധുരത്തിലും രുചിയിലും പിന്നിലാണ്. എന്നാൽ, തായ്‌ലാൻഡ് റെഡ്, ബാലി ചാമ്പ, റെഡ് തായ്‌വാൻ, ദെൽഹേരി, മധു, മധുബെല്ലി, എഗ് വൈറ്റ് എന്നിവയെല്ലാം തേനൂറുന്ന മധുരം തരുന്ന ഇനങ്ങളാണ്. അവയിൽ ആപ്പിളിന്റെ മധുരവും ‘ക്രിസ്പി’യുമായ ചില ഇനങ്ങളുണ്ട്. വർഷത്തിൽ രണ്ടോ മൂന്നോ തവണ കായ്ക്കുമെന്നതും ഇത്തരം ചാമ്പകളുടെ സവിശേഷതയാണ്. നമ്മുടെ കാലാവസ്ഥയിൽ ഇവയെല്ലാം നന്നായി കായ്ക്കുകയും ചെയ്യും. നട്ട് ഒന്നരവർഷംകൊണ്ട് കായ്ഫലവും തരും.

ദെൽഹേരി ചാമ്പ

തായ്‌ലാൻഡിൽനിന്ന് അടുത്തകാലത്ത് കേരളത്തിലെത്തിയ ചാമ്പ ഇനങ്ങളിൽ രുചിയിലും പ്രചാരത്തിലും മുന്നിലാണ് ദെൽഹേരി ചാമ്പ. നീണ്ട കട്ടികുറഞ്ഞ ഇലയുള്ള ഈ മരം തികച്ചും വ്യത്യസ്തമാണ്. മറ്റു ചാമ്പകളേക്കാൾ ഇത് പാകമാകാൻ 10-15 ദിവസം അധികമെടുക്കും. അതായത് പൂവിട്ട് രണ്ട് മാസം വേണ്ടിവരും ഇത് ഫലമായി പാകമാകാൻ. അതുകൊണ്ട് കായ് രുചിക്കാൻ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.

ദെൽഹേരി ചാമ്പ

മറ്റു ചാമ്പകളെപ്പോലെ 40-45 ദിവസമാകുമ്പോഴേക്കും പഴത്തിന് ചുവപ്പ് നിറമാകുമെങ്കിലും അത് പൂർണമായി പാകമായതാവില്ല. പഴം മുഴുവൻ ഇരുണ്ട ചുവപ്പ് നിറമാകുമ്പോഴാണ് പൂർണമായും പാകമാകൂ. പൂർണമായി പാകമായ പഴത്തിന്റെ ഉൾഭാഗത്ത് ചുവപ്പ് ഷെയ്ഡുണ്ടാകും. മഴക്കാലത്ത് മധുരം കുറയുമെങ്കിൽ വേനൽക്കാലത്ത് ഇവ അതിമധുരം തരുമെന്നുറപ്പ്.

പച്ചച്ചാമ്പയും വെള്ളച്ചാമ്പയും

ഒട്ടേറെ ഇനം പച്ചച്ചാമ്പകളും വെള്ളച്ചാമ്പകളും നിലവിലുണ്ട്. കരിമ്പിന്റെ രുചിയുള്ള പച്ചച്ചാമ്പ അഥവാ ഷുഗർകെയ്ൻ, ഗ്രീൻ, മധുബെല്ലി, കിയോജോക്ക് എന്നിവ പച്ചച്ചാമ്പയുടെ പരിധിയിൽ വരുന്നവയാണ്. ഇൻഡൊനീഷ്യയിൽനിന്നുള്ള ‘മധു’, വിയറ്റ്നാമിൽനിന്നുള്ള ‘എഗ് വൈറ്റ്’ എന്നിവ മികച്ച വെള്ളച്ചാമ്പകളാണ്. മദർ പ്ലാന്റിൽനിന്നുള്ള പഴങ്ങളുടെ ഗുണം അറിഞ്ഞ് വിശ്വസ്തമായ നഴ്സറികളിൽനിന്നോ കർഷകരിൽനിന്നോ വേണം തൈകൾ ശേഖരിക്കാൻ.

പച്ചച്ചാമ്പയും വെള്ളച്ചാമ്പയും

ഉമ്മർ ചാമ്പ

മധുരത്തിലും ‘ക്രിപ്സി’യിലുമെല്ലാം ഏറെ മുന്നിലാണ് ഉമ്മർ ചാമ്പ. വളാഞ്ചേരി സ്വദേശിയായ ഉമ്മർ പാലാറ തായ്‌ലാൻഡ് ഇനത്തിൽപ്പെട്ട ചാമ്പയിൽനിന്ന് 20 വർഷം മുമ്പ് കൂടുതൽ മധുരമുള്ള ഒരിനം കണ്ടെത്തുകയായിരുന്നു. അത് ലെയർ ചെയ്ത് തൈകളുണ്ടാക്കി കർഷകരിലെത്തിച്ചതോടെ ‘ഉമ്മർ ചാമ്പ’ എന്ന പേരിൽ ഈ ഇനം കർഷകർക്കിടയിൽ പ്രിയങ്കരമായി. കശുമാങ്ങയുടെ ആകൃതിയിലുള്ള ഈ ചുവന്നചാമ്പയ്ക്ക് ശരാശരി 150 ഗ്രാം ഭാരമുണ്ടാകും. അകം വെള്ളനിറമായിരിക്കും. കുലകളായി കായ്ക്കും.

ഉമ്മർ ചാമ്പ

റെഡ് തായ്‌വാൻ

ഹൈറേഞ്ച് ഫ്ളോറ എന്ന പേരിലും അറിയപ്പെടുന്ന റെഡ് തായ്‌വാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ചാമ്പകളിലൊന്നാണ്. ശരാശരി 120 ഗ്രാം ഭാരമുണ്ടാകുന്ന തായ് ലാൻഡ് റെഡിന് കുരുവുണ്ടാകില്ല. കിങ് കോങ് എന്ന പേരിലും അറിയപ്പെടുന്ന റെഡ് തായ്‌വാൻ ‘ബെൽ’ ആകൃതിയിലുള്ള ചാമ്പയാണ്. ചുവപ്പ് നിറമുള്ള ഇതിന്റെ ഒരു കുലയിൽ 15 എണ്ണം വരെയുണ്ടാകും. നന്നായി കായ്ക്കുമെന്ന പ്രത്യേകതയുമുണ്ട്. മാംഗോസ്റ്റിന്റേതു പോലുള്ള വലിയ ഇലയാണ് ഇതിനുള്ളത്.

റെഡ് തായ്‌വാൻ

എങ്ങനെ കൃഷിചെയ്യാം

നേരിട്ട് മണ്ണിലോ ഗ്രോബാഗിലോ ഈ തൈകൾ നടാം. കൂടുതൽ വിളവിന് മണ്ണിൽത്തന്നെ നടുന്നതാണ് നല്ലത്. അത്യാവശ്യം വെയിലുള്ള സ്ഥലത്താണ് നടേണ്ടത്. മണ്ണൊരുക്കുമ്പോൾ രണ്ടടി വിസ്തൃതിയും ആഴവുമുള്ള കുഴിയെടുക്കുക. തുടർന്ന് അഞ്ച് കിലോ ഉണക്കച്ചാണകവും അരക്കിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി മേൽമണ്ണിനോട് ചേർത്ത് കുഴിമൂടണം. മധ്യത്തിൽ ചെറിയൊരു കുഴിയെടുത്ത് അതിൽ തൈകൾ നടുക. ലെയർ ചെയ്ത തൈകൾ നടുന്നതാണ് കൂടുതൽ അഭികാമ്യം.

അധികം നനക്കേണ്ടതില്ല. ആഴ്ചയിൽ ഒരു തവണയോ വാട്ടം അനുഭവപ്പെടുമ്പോഴോ നനച്ചാൽ മതിയാകും. പൂവിട്ട് കഴിഞ്ഞാൽ നന പരമാവധി കുറയ്ക്കണം. കാരണം നന കൂടിയാൽ അത് പഴത്തിന്റെ രുചിയെ ബാധിക്കും.

വർഷത്തിൽ രണ്ടുതവണ ജൈവവളമിടണം. രാസവളം പ്രയോഗിക്കുന്നുണ്ടെങ്കിൽ യൂറിയ, എൻ.പി.കെ. വളം, പൊട്ടാഷ് എന്നിവ യഥാക്രമം 60 ദിവസത്തെ ഇടവേളകളിൽ മൂന്ന് ഘട്ടങ്ങളിലായി അൽപം ഇടാം. തൈകൾ പൂവിടേണ്ട ഘട്ടത്തിലാണ് പൊട്ടാഷ് ഇടേണ്ടത്. പഴങ്ങൾ പാകമായി തുടങ്ങുമ്പോൾ പക്ഷികളിൽനിന്നും കേടുപാടുകളിൽനിന്നും സംരക്ഷിക്കാൻ വായുസഞ്ചാരമുള്ള കവറുകളിൽ മൂടുന്നത് നല്ലതാണ്. നല്ല വളർച്ചയ്ക്കും കായ്‌പിടിത്തത്തിനും വിളവെടുത്ത ശേഷം കൊമ്പുകോതണം. നല്ല തൈകൾ ലഭിക്കാനും വിവിധ ഇനങ്ങൾ കൈപറ്റാനും വിശ്വസ്തമായ നഴ്സറികളിൽനിന്നോ കർഷകരിൽനിന്നോ തൈകൾ ശേഖരിക്കുക എന്നതാണ് പ്രധാനം.

Show Full Article
TAGS:Agri News cultivation fruit crops seedlings Latest News 
News Summary - water apple is in season; let's get acquainted with various types of seedlings
Next Story