Begin typing your search above and press return to search.
exit_to_app
exit_to_app
ആ​ശ​ക​ളു​ടെ അ​ഞ്ച​ലോ​ട്ടം
cancel
camera_alt

ആ​ഞ്ച​ലോ​ട്ടി (ഫ​യ​ൽ) 

എങ്ങനെയാണ് റയൽ മഡ്രിഡ് ഇത്ര വിജയങ്ങളുള്ള ക്ലബായി മാറിയത്? പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു. ആഞ്ചലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയാണ്. ഒരു സിംഹത്തിന്റെയും മാനിന്റെയും കഥ. ഓരോ ദിവസവും രാവിലെ ഉണരുമ്പോൾ സിംഹത്തിന്റെ മനസ്സിലുള്ളത് ഇന്നാരെ വേട്ടയാടിപ്പിടിക്കും എന്നാണ്. മാനിന്റെ മനസ്സിലുള്ളത് സിംഹം ഉൾപ്പെടെയുള്ള ശത്രുക്കളിൽനിന്ന് എങ്ങനെ ഓടി രക്ഷപ്പെടണമെന്നും. സിംഹത്തിന്റെതും മാനിന്റേതും ഓട്ടംതന്നെയാണ്. പക്ഷേ, രണ്ടും തമ്മിൽ എത്ര വ്യത്യാസം! ഈ ഫിലോസഫിയാണ് ഞാൻ എന്റെ കളിക്കാർക്ക് പറഞ്ഞുകൊടുക്കാറുള്ളത്!

ആഞ്ചലോട്ടി എന്ന സിംഹഹൃദയമുള്ള പരിശീലകനെ ബ്രസീൽ ഫുട്ബാൾ ടീം എന്തുകൊണ്ട് ക്ഷമാപൂർവം കാത്തിരുന്നു എന്നതിനുള്ള ഉത്തരം ഈ കഥയിലുണ്ട്. ലോകകപ്പ് തങ്ങളുടെ ജന്മാവകാശമാണ് എന്നു കരുതുന്ന ഒരു രാജ്യം ആഞ്ചലോട്ടിയെപ്പോലെ അത്രയും തലപ്പൊക്കമുള്ള ഒരു പരിശീലകനെ ആഗ്രഹിച്ചതിൽ തെറ്റുപറയാനാവില്ല. യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിലും കിരീടം ചൂടിയ ഒരേയൊരു പരിശീലകൻ, യുവേഫ ചാമ്പ്യൻസ് ലീഗ് കൂടുതൽ തവണ (5) നേടിയ മാനേജർ...66കാരൻ ആഞ്ചലോട്ടിയുടെ റെക്കോഡുകൾ അനന്യമാണ്. ഭൂതകാലത്തോടു നീതിപുലർത്താനാവാതെ ദേശീയ ടീം ഉഴറിനിൽക്കുമ്പോൾ ബ്രസീൽ ആരാധകർ വിശ്വസിക്കുന്നത് ട്രോഫികളെ കാന്തംപോലെ തന്നിലേക്കാകർഷിക്കുന്ന ഡോൺ കാർലോയുടെ ഈ കരങ്ങളിൽതന്നെ. എന്നാൽ, കഴിഞ്ഞ ദിവസം ആഞ്ചലോട്ടി കളിക്കാരോടു പറഞ്ഞു- സമ്മർദം വേണ്ട. റിയോ കാർണിവൽ ആഘോഷിക്കുന്നപോലെ കളിച്ചാൽമതി!

ബാജിയോ പഠിപ്പിച്ച പാഠം

ക്ലബ് കരിയറിൽ കിരീടങ്ങളേറെ നേടിയെങ്കിലും രാജ്യാന്തര ഫുട്ബാളിൽ വലിയൊരു നഷ്ടബോധം ആഞ്ചലോട്ടിക്കുണ്ട്. ബ്രസീലിന്റെ സുന്ദരമായ ജോഗോ ബോണീറ്റോയെ വരെ മറികടന്ന് ഇറ്റലി ജേതാക്കളായ 1982 ലോകകപ്പിൽ കളിക്കാനാവാതെ പോയതാണത്. ടൂർണമെന്റിനു തൊട്ടുമുമ്പ് കാൽമുട്ടിനേറ്റ പരിക്കാണ് ആഞ്ചലോട്ടിക്കു വിനയായത്. ആ ബുദ്ധിമുട്ട് പിന്നീട് ആഞ്ചലോട്ടിയെ വിട്ടൊഴി‍ഞ്ഞതേയില്ല. അതിനുമുമ്പ് അരിഗോ സാച്ചിയുടെ വിഖ്യാതമായ എ.സി മിലാൻ ടീമിനൊപ്പം സീരി എയും തുടരെ രണ്ട് യൂറോപ്യൻ കപ്പുമെല്ലാം നേടിയെങ്കിലും ദേശീയ ടീമിനായി കളിക്കാനായത് 26 മത്സരങ്ങളാണ്.

കളിക്കാരനെന്ന നിലയിലുള്ള നഷ്ടങ്ങളെല്ലാം നികത്താനാണ് ആഞ്ചലോട്ടി കോച്ചായത്. സാച്ചിക്കു കീഴിൽതന്നെയായിരുന്നു തുടക്കം. പ്രായോഗിക പാഠങ്ങൾക്കു പുറമെ സൈദ്ധാന്തികമായും ഫുട്ബാളിനെ പഠിച്ചു. അങ്ങനെ കോച്ചിങ് ഡിസർട്ടേഷന്റെ ഭാഗമായി എഴുതിയ പേപ്പറാണ് ദ് ഫ്യൂച്ചർ ഓഫ് ഫുട്ബാൾ- മോർ ഡൈനാമിസം എന്നത്. ഇറ്റാലിയൻ ക്ലബായ പാർമയിൽ സ്വതന്ത്ര പരിശീലകനായപ്പോൾ കടുത്ത ടാക്റ്റിക്കൽ നിഷ്കർഷയുള്ള കോച്ചായിരുന്നു ആഞ്ചലോട്ടി. തന്റെ ഇഷ്ട ഫോർമേഷനായ 4-4-2വിന് ഇണങ്ങാത്തവരെയെല്ലാം വിട്ടുകളഞ്ഞ കോച്ച്. അങ്ങനെ കൈവിട്ടവരിൽ ഒരാളായിരുന്നു റോബർട്ടോ ബാജിയോ. ബാജിയോ ബൊളോന്യയിലേക്കു പോയി 22 ഗോളുകൾ നേടിയപ്പോഴാണ് ആഞ്ചലോട്ടിക്കു കാര്യം മനസ്സിലായത്- ഒരു ഫോർമേഷനും വഴങ്ങാത്ത ചില പ്രതിഭാശാലികളായ കളിക്കാരുണ്ട്!

ആ ബോധ്യമാണ് പിന്നീട് ആഞ്ചലോട്ടിയുടെ കോച്ചിങ് കരിയറിനെ നിർണയിച്ചത്. യുവന്റസ് കോച്ച് ആയിരിക്കെ സിനദിൻ സിദാന് കളിക്കളത്തിൽ പൂർണസ്വാതന്ത്ര്യം നൽകാൻ തന്റെ ഇഷ്ട ഫോർമേഷൻ വരെ മാറ്റാൻ ആഞ്ചലോട്ടി തയാറായി. മിലാനിലെത്തിയപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്ന ആന്ദ്രെ പിർലോയെ ഡീപ് ലെയിങ് പ്ലേമേക്കറാക്കി മാറ്റിയത് വിപ്ലവകരമായ തീരുമാനമായി മാറി. 2006ൽ ഇറ്റലിയുടെ ലോകകപ്പ് നേട്ടത്തിൽ വരെ പങ്കുവഹിച്ച തീരുമാനം. സൂപ്പർ താരങ്ങളോടു കലഹിക്കുന്നതിനു പകരം അവർക്കു സുരക്ഷിതത്വം നൽകുന്ന കോച്ച് എന്നതായി ആഞ്ചലോട്ടിയുടെ മേൽവിലാസം. സ്വതഃസിദ്ധമായ ഒരു പുരികം ചുളിക്കൽകൊണ്ടു മാത്രം ആഞ്ചലോട്ടി അവരെ നിയന്ത്രിച്ചു. ജിയാൻല്യൂജി ബുഫൺ, തിബോ കോർട്ടോ തുടങ്ങിയ ഗോൾകീപ്പർമാർ, പാവ്‌ലോ മാൾദീനി, കഫു, സെർജിയോ റാമോസ് തുടങ്ങിയ ഡിഫൻഡർമാർ, പിർലോ, സിദാൻ, കക്കാ, മോഡ്രിച്ച് തുടങ്ങിയ മിഡ്ഫീൽഡർമാർ, റൊണാൾഡോ, ഷെവ്ചെങ്കോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ തുടങ്ങിയ ഫോർവേഡുകൾ...ലോക ഫുട്ബാളിൽ ആഞ്ചലോട്ടിയുടെ അത്ര താരപ്പൊലിമയുള്ള ശിഷ്യസമ്പത്ത് ആർക്കുമില്ല.

നെയ്മറിന് സ്വാഗതം

സൂപ്പർ താരങ്ങളെ ചേർത്തുപിടിക്കുന്ന ഈ ഗുണം ബ്രസീൽ ടീമിലെത്തിയപ്പോഴും ആഞ്ചലോട്ടി തുടർന്നു. പരിക്കിൽനിന്നു മോചിതനാകുന്ന നെയ്മറെ ഒരിക്കലും സമ്മർദത്തിലാക്കിയില്ല. ഫിറ്റ്നസ് വീണ്ടെടുത്താൽ അദ്ദേഹം ടീമിലുണ്ടാകും എന്ന സൂചനതന്നെയാണ് എപ്പോഴും നൽകിയത്. ഒടുവിൽ ഇന്നലെ ടീം പ്രഖ്യാപനച്ചടങ്ങിൽ ആഞ്ചലോട്ടി നെയ്മറിന്റെ പേരു വായിച്ചപ്പോൾ ആരാധകർ അത്യാഹ്ലാദത്തിലായി. എന്നാൽ, കൂട്ടംതെറ്റിയപോലെ കളിക്കുന്ന ബ്രസീൽ താരങ്ങളെ ആഞ്ചലോട്ടി എങ്ങനെ കൂട്ടിയിണക്കും എന്നതിൽ ആരാധകർക്ക് ആധിയും ആകാംക്ഷയുമുണ്ട്. പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേലും അചഞ്ചലരാണെങ്കിലും മികച്ച ഫുൾ ബാക്കുകളുടെ കാര്യത്തിൽ ബ്രസീലിന് ഇപ്പോൾ പഴയ പൊലിമയില്ല. ഡിഫൻസിന്റെ ഈ ദൗർബല്യം തിരിച്ചറിഞ്ഞതുകൊണ്ടാവണം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടൻ ആഞ്ചലോട്ടി ചെയ്തത് റയൽ മഡ്രിഡിൽ തന്റെ വിശ്വസ്തനായിരുന്ന ഡിഫൻസിവ് മിഡ്ഫീൽഡർ കാർലോസ് കാസെമിറോയെ തിരിച്ചുവിളിച്ചതാണ്. മധ്യനിരയിൽ ബ്രൂണോ ഗ്വിമാറെസിനെ കൂടുതൽ സ്വതന്ത്രനാക്കാം എന്ന അധികഗുണംകൂടി അതുകൊണ്ടുണ്ടായി. മുന്നേറ്റത്തിൽ വിനീഷ്യസും റഫീഞ്ഞയും ഉൾപ്പെടെ വിങ്ങർമാരുടെ ധാരാളിത്തമുണ്ടെങ്കിലും ആഞ്ചലോട്ടി മിസ് ചെയ്യുന്നത് തന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളായ റൊണാൾഡോ നസാരിയോയെപ്പോലെ ഒരു ലോകോത്തര നമ്പർ 9 സ്ട്രൈക്കറെയാണ്.

യൂറോപ്യൻ ക്ലബുകളെ മാത്രമേ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും ആഞ്ചലോട്ടിക്ക് ബ്രസീൽ അത്ര അപരിചിതരല്ല. 1994ലെ യു.എസ് ലോകകപ്പ് ഫൈനലിൽ ബ്രസീൽ ഇറ്റലിയെ തോൽപിച്ച് നാലാം ലോകകിരീടം ചൂടുമ്പോൾ ആഞ്ചലോട്ടി എതിർചേരിയിലുണ്ടായിരുന്നു- അരിഗോ സാച്ചിയുടെ കീഴിൽ ഇറ്റാലിയൻ സഹപരിശീലകനായി! കാലചക്രം കറ‍ങ്ങി കപ്പ് വീണ്ടും അമേരിക്കയിലെത്തുമ്പോൾ ആഞ്ചലോട്ടി ബ്രസീൽ ടീം പരിശീലകനായി ജഴ്സി മാറിയിരിക്കുന്നു. 1982ൽ കാഴ്ചക്കാരൻ മാത്രമായി നിൽക്കേണ്ടിവന്നതിന്റെ നഷ്ടബോധം പരിശീലകനെന്ന നിലയിൽ ആഞ്ചലോട്ടി നികത്തുമോ?

Show Full Article
TAGS:dreams sports news 
News Summary - Ancelotti: Brazil’s New Hope"
Next Story