ഓർമകളിൽ ഏൾ ലോയ്ഡ്
text_fieldsഏൾ ലോയ്ഡ്
നാഷനൽ ബാസ്കറ്റ്ബാൾ അസോസിയേഷനിൽ (എൻ.ബി.എ) കളിച്ച ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ കളിക്കാരനായിരുന്ന ഏൾ ലോയ്ഡിന്റെ ഒമ്പതാം ചരമവാർഷിക ദിനമാണിന്ന്. 1928 ഏപ്രിൽ മൂന്നിന് വിർജീനിയയിലെ അലക്സാണ്ട്രിയയിലാണ് ലോയ്ഡ് ജനിച്ചത്. 1950ൽ വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് കോളജ് ടീമിനുവേണ്ടി കളിച്ചുകൊണ്ടാണ് കളിക്കളത്തിലേക്കിറങ്ങുന്നത്. 6 അടി 6 ഇഞ്ചുകാരനായ ലോയ്ഡ് ‘മൂൺ ഫിക്സർ’ എന്നാണ് കോളജിൽ അറിയപ്പെട്ടത്.
അക്കാലത്ത് അമേരിക്കൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ ഗെയിമിൽ കളിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനായിരുന്നു ലോയ്ഡ്. 1951 ജനുവരിയിൽ അമേരിക്കൻ സേനയിൽ ചേരുന്നതുവരെ വാഷിങ്ടൺ ക്യാപിറ്റോൾസിനായി ഏഴ് മത്സരങ്ങൾ കളിച്ചു. സൈനിക സേവനത്തിനുശേഷം മടങ്ങിയെത്തിയ ലോയ്ഡ് സിറാക്കൂസ് നാഷനൽസിനുവേണ്ടിയായിരുന്നു കളത്തിലിറങ്ങിയത്.
ടീമംഗം ജിം ടക്കറിനൊപ്പം ചേർന്ന് സിറാക്കൂസ് നാഷനൽസിനെ 1955ലെ എൻ.ബി.എ കിരീടനേട്ടത്തിലേക്ക് നയിച്ചു. ഒമ്പത് സീസണുകളിലായി 560ലധികം മത്സരങ്ങളിൽ ലോയ്ഡ് എൻ.ബി.എയിൽ കളിച്ചു.
ബോസ്റ്റണിലെ ബിൽ റസ്സൽ, സിയാറ്റിലിന്റെ ലെന്നി വിൽകെൻസ്, ഗോൾഡൻ സ്റ്റേറ്റിന്റെ അൽ ആറ്റിൽസ് എന്നിവർക്ക് ശേഷം എൻ.ബി.എയുടെ ചരിത്രത്തിലെ നാലാമത്തെ കറുത്തവർഗക്കാരനായ ഹെഡ് കോച്ചായി 1971ൽ ലോയ്ഡ് ഡെട്രോയിറ്റ് പിസ്റ്റൺസിന്റെ മുഖ്യ പരിശീലകനായി. 2003ൽ ബാസ്കറ്റ്ബാൾ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി. 2015ൽ അദ്ദേഹം അന്തരിച്ചു.