ഫിഫ 3x3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബാൾ: ചരിത്രം കുറിച്ച് ഇന്ത്യ ക്വാർട്ടറിൽ
text_fields3x3 ഏഷ്യാകപ്പ് ബാസ്കറ്റ് ബാളിൽ ഇന്ത്യൻ താരം മുത്തുകൃ്ഷണന്റെ പ്രകടനം
ന്യൂ ഡൽഹി: ഫിഫ 3x3 ഏഷ്യാ കപ്പ് പുരുഷ വിഭാഗം ക്വാർട്ടർ ഫൈനൽ ബർത്തുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പേയിയെ 21-18 ന് പരാജയപ്പെടുത്തിയപ്പോൾ വൈകിട്ട് രണ്ടാം സീഡായ ചൈനയോട് അവസാന നിമിഷം വരെ പൊരുതിയ ശേഷം 19 -21ന് വീണു. അരവിന്ദ് മുത്തു കൃഷ്ണൻ 9 പോയിന്റും 4 റീബൗണ്ടും നേടി ടോപ് സ്കോററായി.
ഹർഷ് ഡാഗർ 4 പോയിന്റും 6 റീബൗണ്ടും നേടിയപ്പോൾ പ്രണവ് പ്രിൻസ് നാല് പോയിന്റും അത്രയും റീബൗണ്ടും സ്വന്തം പേരിലാക്കി. ചൈനയോട് ഒരു ഘട്ടത്തിൽ മൂന്ന് പോയിന്റ് വരെ ലീഡ് നേടിയ ടീം 17-19ന് പിറകിൽ നിന്നശേഷം അരവിന്ദിന്റെ രണ്ടു ഫ്രീത്രോവിലൂടെ 19 -19 ആക്കി. പരിചയ സമ്പന്നരായ ചൈന പക്ഷേ, ഹാൻയു ഗുവോയിലൂടേ 21 -19ന് വിജയം പിടിക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി അരവിന്ദ് പത്തു പോയിന്റും പ്രണവ് അഞ്ച് പോയിന്റും നേടി. യോഗ്യതാ റൗണ്ടുകളിൽ ആദ്യ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്ന് വിജയങ്ങളിലും ഡാഗർ മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ ഇന്ത്യൻ ബാങ്കിലുള്ള പ്രണവ് തിരുവനന്തപുരം സ്വദേശിയാണ്.
പൂൾ ബി യിൽ നിന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമായി ഫിനിഷ് ചെയ്തു ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു. ഖത്തറോ ന്യൂസിലൻഡോ ആയിരിക്കും ഇന്ത്യക്ക് എതിരാളികൾ. പൂൾ ഡിയിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ വിയറ്റ്നാമിനെ 21-16ന് പരാജയപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡ് വിറ്റ്നാമിനെ 21-15ന് പരാജയപ്പെടുത്തി.