ഫിബ ഏഷ്യ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി
text_fieldsഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബാളിൽ ഇന്ത്യ-ചൈന മത്സരത്തിൽ നിന്ന്
ജിദ്ദ: ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബാളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യത മങ്ങി.
സൗദി അറേബ്യയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന ഗ്രൂപ് സി മത്സരത്തിൽ ചൈനയോട് 69-100 എന്ന സ്കോറിനായിരുന്നു പരാജയം. രണ്ടാം ജയത്തോടെ, ചൈന ക്വാർട്ടറിലേക്ക് ഒരു പടി കൂടി അടുത്തു. ശനിയാഴ്ച ആതിഥേയരായ സൗദിക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ് മത്സരം ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്.
ചൈനക്കായി ഷാവോ ജിയായിയും മിങ്സുവാൻ ഹുയും 17 പോയന്റ് വീതം നേടി. വാങ് ജുഞ്ചിയും ചെങ് ഷുഐപെങ്ങും 13 പോയന്റ് വീതം സ്കോർ ചെയ്തു. ഹു ജിൻക്യു 11 പോയന്റും 10 റീബൗണ്ടുകളും നേടി. 16 പോയന്റ് കരസ്ഥമാക്കിയ അരവിന്ദ് മുത്തു കൃഷ്ണനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ആദ്യ കളിയിൽ ജോർഡൻ എക്സ്ട്രാ ടൈമിലാണ് ഇന്ത്യയെ മറികടന്നത്. ഗ്രൂപ് ജേതാക്കൾക്ക് നേരിട്ട് ക്വാർട്ടറിൽ കടക്കാം. ശേഷിക്കുന്ന നാല് ബെർത്തിനായി ഓരോ ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കണം.