ഇന്റർ-സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsഅഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഇന്റർ-സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ കോട്ടയം ഗിരിദീപം ബഥനി സ്കൂളും കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്.എസ്.എസും തമ്മിലുള്ള മത്സരത്തിൽ നിന്ന്
ആലപ്പുഴ: സ്റ്റാഗ് ഗ്ലോബൽ - കരിക്കമ്പള്ളി അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ-സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിന് തുടക്കം. ആലപ്പുഴ വൈ.എം.സി.എയിലെ പി.ഒ ഫിലിപ് സ്റ്റേഡിയത്തിൽ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്.എസ്.എസിനെ (72-65) പരാജയപ്പെടുത്തി. പതിവ് സമയം 53-53ന് അവസാനിച്ചതിനു ശേഷം വീണ്ടും 62-62ൽ തുല്യമായി. പിന്നീടാണ് ഗിരിദീപം മുന്നേറിയത്. ഗിരിദീപത്തിനായി ആൽബിൻ 25 പോയന്റുമായി ടോപ് സ്കോററായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സെന്റ് തേരേസാസ് ഹൈസ്കൂൾ പത്തനാപുരം മൗണ്ട് താബോർ എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി. സ്കോർ: 38-24. അഞ്ജലി ജസീനയും ഫെമി സാലുവും 10 പോയന്റുകൾ വീതം നേടി. ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ വൈ.എം.സി.എ പ്രസിഡന്റ് മൈക്കൽ മത്തായി അധ്യക്ഷതവഹിച്ചു. സ്പോർട്സ് കമ്മിറ്റി ഡയറക്ടർ ജോൺ ജോർജ് സ്വാഗതവും വൈ.എം.സി.എ സെക്രട്ടറി എബ്രഹാം കുരുവിള നന്ദിയും പറഞ്ഞു.