മാർ ഇവാനിയോസ് ബാസ്ക്കറ്റ്ബാൾ ടൂർണമെന്‍റിൽ പാലാ അൽഫോൻസാ കോളജും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും ജേതാക്കൾ
text_fieldsതിരുവനന്തപുരം: 60-ാമത് മാർ ഇവാനിയോസ് ട്രോഫിയുടെ പുരുഷ-വനിത ഇന്‍റർ കൊളീജിയറ്റ് ബാസ്ക്കറ്റ്ബാൾ ടൂർണമെന്‍റിന്‍റെ വനിതാ ഫൈനലിൽ പാലാ അൽഫോൻസ കോളജ് കോഴിക്കോട് പ്രൊവിഡൻസ് കോളജിനെ (40-33) പരാജയപ്പെടുത്തി ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട 70 -56ന് തൃശൂർ കേരള വർമ കോളജ് ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. മാർ ഇവാനിയോസ് കോളജ് ഫ്ളഡ് ലിറ്റ് ബാസ്ക്കറ്റ്ബാൾ സ്റ്റേഡിയത്തിലാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.
14 പോയിന്‍റുമായി അൽഫോൻസയുടെ മരിയ ജോൺസണും, പുരുഷന്മാരിൽ ക്രൈസ്റ്റ് കോളജിന്റെ ജിയോ ലോനപ്പൻ 19 പോയിന്‍റുമായും ടോപ് സ്‌കോറർമാരായി. ക്രൈസ്റ്റ് ഇരിഞ്ഞാലക്കുടയിൽ നിന്നുള്ള ജിയോ ലോനപ്പനെയും അൽഫോൻസാ കോളജിലെ ജീവമോൾ സാമുവലിനെയും ടൂർണമെന്‍റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തു. പ്രൊവിഡൻസ് കോളജിന്‍റെ ഫാത്തിമ ഹിബയും കേരള വർമയുടെ മുഹമ്മദ് സഹലും പ്രോമിസിങ് പ്ലെയർ അവാർഡ് നേടി.
കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബാസ്ക്കറ്റ്ബാൾ പൂർവവിദ്യാർഥി മത്സരവും ഒത്തുചേരലും നടന്നു. കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്‍റും മാർ ഇവാനിയോസ് കോളജിലെ കെമിസ്ട്രി വിഭാഗം മുൻ മേധാവിയുമായ പ്രൊഫ.രാജു ഏബ്രഹാം, ഇവാനിയോസിലെ മുൻ രാജ്യാന്തര താരങ്ങളായ വിനീത് രവി മാത്യു , അഖിൽ എ.ആർ എന്നിവരെ ആദരിച്ചു.
ട്രോഫികളും ക്യാഷ് പ്രൈസുകളും ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ്, പ്രിൻസിപ്പൽ മേരി ജോർജ് എന്നിവർ വിതരണം ചെയ്തു. സമാപന ദിനത്തിൽ അമികോസ് പ്രസിഡന്‍റ് കെ. ജയകുമാർ ഐ.എ.എസ്, കേരള ബാസ്കറ്റ്ബാൾ അസോയേഷൻ പ്രസിഡന്‍റ് ജേക്കബ് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.