സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ; കേരള വനിതകൾക്ക് കിരീടം
text_fields1. ബംഗളൂരു ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാലാമത് സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ കേരള ടീം, 2. ബംഗളൂരു ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളവും തമിഴ്നാടും തമ്മിലെ ഫൈനൽ മത്സരത്തിൽനിന്ന്
ബംഗളൂരു: ഇന്ത്യൻ ബാസ്കറ്റ്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തമിഴ്നാടും വനിത വിഭാഗത്തിൽ കേരളവും ജേതാക്കളായി.
ബംഗളൂരു ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ തമിഴ്നാട് ഉത്തർപ്രദേശിനെയും കേരളം തമിഴ്നാടിനെയും വീഴ്ത്തി. ഇരട്ട കിരീടമെന്ന തമിഴ്നാടിന്റെ സ്വപ്നമാണ് കേരള വനിതകൾ തകർത്തത്. വെള്ളിയാഴ്ചയായിരുന്നു ചാമ്പ്യൻഷിപ്പിന് തുടക്കമായത്. 56 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ലീഗ് പ്ലസ് നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരം. ഒരു പകരക്കാരൻ ഉൾപ്പെടെ ഒരു ടീമിൽ നാല് കളിക്കാർ മാത്രമേ മത്സരിക്കൂ എന്നതാണ് 3x3 ഫോർമാറ്റിന്റെ പ്രത്യേകത. ഫൈനലിൽ നിശ്ചിത സമയത്തിനുള്ളിൽ കേരള വനിതകൾ 21 പോയന്റ് അടിച്ചെടുത്തു.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഹരിയാന രാജസ്ഥാനെയും വനിതാ വിഭാഗത്തിൽ തെലങ്കാന മധ്യപ്രദേശിനെയും കീഴടക്കി. ജേതാക്കൾക്ക് മൂന്നും റണ്ണേഴ്സ് അപ്പിന് രണ്ടും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും വീതം സമ്മാനത്തുകയായി ലഭിച്ചു.
സമ്മാനദാന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ഫിബ ഏഷ്യ പ്രസിഡന്റും കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. കെ. ഗോവിന്ദരാജ്, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഡോ. ബി. ദയാനന്ദ, ഇന്ത്യൻ ബാസ്ക്കറ്റ് ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ കുൽവീന്ദർ സിങ് ഗിൽ, പ്രസിഡന്റ് ആദവ് അർജുന, വൈസ് പ്രസിഡന്റ് ഡോ. സീമ ശർമ തുടങ്ങിയവർ പങ്കെടുത്തു.