മത്സ്യബന്ധന സാംസ്കാരിക വകുപ്പുകളെ ചേർത്തുപിടിച്ച് ബജറ്റ് -സജി ചെറിയാൻ
text_fieldsതിരുവനന്തപുരം : കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുമ്പോഴും ക്രിയാത്മക നടപടികളുമായി സംസ്ഥാനത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ബജറ്റാണ് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മന്ത്രി സജി ചെറിയാൻ.
മത്സ്യബന്ധന മേഖലക്ക് ബജറ്റിൽ വലിയ പരിഗണനയാണ് നൽകിയത്. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി തീരദേശ പാക്കേജ് പ്രഖ്യാപിച്ചു. ഇതിനായി 75 കോടി രൂപ വകയിരുത്തി. മത്സ്യബന്ധന മേഖലയുടെ വിഹിതം 295.12 കോടിയായി ഉയർത്തി. കടലോര മത്സ്യബന്ധന പദ്ധതിക്ക് 41.1 കോടി രൂപയും ഉൾനാടൻ മത്സ്യ ബന്ധന പദ്ധതികൾക്ക് 80.91 കോടി രൂപയും വകയിരുത്തി.
അക്വാകൾച്ചർ ഉല്പാദനം വർധിപ്പിക്കാനായി 67.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. തീരദേശ വികസന പദ്ധതിക്കായി 176.98 കോടിയും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ മാനവശേഷി വികസന പദ്ധതിക്കായി 139 കോടി രൂപയും വകയിരുത്തി. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനും വനിതകളുടെ ഉന്നമനത്തിനുമായി ഒൻപത് കോടി രൂപ അധികം വകയിരുത്തി.
നീണ്ടകരയിൽ യാൺ ട്വിസ്റ്റിങ് യൂനിറ്റ് ആൻഡ് നെറ്റ് ഫാക്ടറിക്കായി അഞ്ചു കോടി രൂപ അധികമായി വകയിരുത്തി. പുനർഗേഹം പദ്ധതിക്കായി 20 കോടി രൂപ അധികം വകയിരുത്തി. പദ്ധതി വിഹിതം 60 കോടി രൂപയാക്കി. മത്സ്യത്തൊഴിലാളി ഭവനങ്ങളുടെ നവീകരണത്തിനായി പുതിയ പദ്ധതി ആവിഷ്കരിച്ചു. ഇതിനായി 10 കോടി വകയിരുത്തി. മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി അനുവദിച്ചു.
ഫിഷറീസ് സർവകലാശാലക്കായി രണ്ടുകോടി രൂപ അധികം ഉൾപ്പെടെ 35.5 കോടി വകയിരുത്തി. ഫിഷറീസ് ഹാർബർ, പാലങ്ങൾ, റോഡുകൾ എന്നിവ നബാർഡ് വായ്പയോടെ പൂർത്തിയാക്കാനായി 20 കോടി രൂപ വകയിരുത്തി. സാംസ്‌കാരിക മേഖലയിലും കൂടുതൽ പദ്ധതി വിഹിതവും പദ്ധതികളും അനുവദിച്ചതായി മന്ത്രി പറഞ്ഞു . കലാസാംസ്കാരിക മേഖലയുടെ വിഹിതം 170.49 കോടിയിൽ നിന്നും 197.49 കോടിയായി ഉയർത്തി.
ചലച്ചിത്ര വികസന കോർപ്പറേഷന് 21 കോടി രൂപ അനുവദിച്ചു. തിയേറ്ററുകളിൽ ഇ ടിക്കറ്റ് സംവിധാനത്തിന് രണ്ടു കോടി രൂപ വകയിരുത്തി. തിരൂർ തുഞ്ചൻപറമ്പിൽ എം ടി സ്‌മാരക പഠനകേന്ദ്രത്തിനായി 5 കോടി രൂപ വകയിരുത്തി. സാഹിത്യ അക്കാദമിക്ക് 3.45 കോടി, സംഗീതനാടക അക്കാദമിക്ക് 9 കോടി, ലളിതകലാ അക്കാദമിക്ക് 5.75, കോടി ഫോക്ലോർ അക്കാദമി 3.25 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.
ചലച്ചിത്ര അക്കാദമിക്ക് 14 കോടി രൂപ വകയിരുത്തി. ഇതിൽ 1.4 കോടി വനിതകൾക്കായുള്ള പദ്ധതിക്കാണ്. ജവഹർ ബാലഭവനുകൾക്ക് അഞ്ചു കോടി രൂപ അനുവദിച്ചു. കേരള കലാമണ്ഡലത്തിന് 24.5 കോടി രൂപയും സംസ്കാരിക ഡയറക്ടറേറ്റിന് 30 കോടിയും വകയിരുത്തി. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്കായി 13 കോടി രൂപയും വജ്രജൂബിലി കലാകാരന്മാരുടെ പരിപാടികൾക്കായി മൂന്നുകോടിയും വകയിരുത്തി.
റൂറൽ ആർട്ട് ഹബ് പദ്ധതിക്ക് അഞ്ചുകോടി അനുവദിച്ചു. പിണറായിയിൽ ബഹുമുഖ സാംസ്കാരിക കേന്ദ്രത്തിന് 50 ലക്ഷം വകയിരുത്തി. ഇത്തരത്തിൽ സർവ്വതലസ്പർശിയായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.