ദീർഘദർശിയായ ബജറ്റ് -ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
കൊച്ചി: കേരളത്തെ മെഡിക്കൽ ടൂറിസം ഹബ്ബാക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.
കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ആകർഷിക്കാൻ ബജറ്റ് സഹായിക്കും. അർബുദ പരിശോധനക്കും ചികിത്സക്കും കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവും സന്തോഷകരമാണ്. എല്ലാ സർക്കാർ ആശുപത്രികളും അർബുദ ചികിത്സക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു.
മികച്ച ബജറ്റ് -ജോസ് കെ.മാണി
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനിടയിലും ജനക്ഷേമവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിടുന്ന മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി. വികസന പ്രക്രിയയില്‍ ജനകീയ ബദല്‍ സൃഷ്ടിച്ച് മുന്നേറുകയെന്ന എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടിന്റെ പ്രതിഫലനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളത്രയും. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളര്‍ച്ചയുടെ പാതയിലെത്തിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള നിർദേശങ്ങള്‍ ബജറ്റിലുണ്ട്.
ബദൽ സാധ്യമാക്കുന്ന ബജറ്റ് -കെ.എസ്.ടി.എ
ജനവിരുദ്ധ കേന്ദ്ര ബജറ്റിനു മുന്നിൽ ബദൽ സാധ്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കേരള ബജറ്റെന്ന് കെ.എസ്.ടി.എ. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടുന്ന സേവന മേഖലയുടെ ആധുനീകരണത്തിനും വികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കേരള വിഹിതം കേന്ദ്ര സർക്കാർ നിഷേധിക്കുമ്പോഴും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും യൂനിഫോമിനുമാവശ്യമായ തുക വകയിരുത്തിയത് സ്വാഗതാർഹമാണ്.