ഒരാളുടെ വരുമാനം 1,76,072 രൂപ; കേരളീയരുടെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതൽ; മാറ്റമില്ലാതെ വളർച്ച നിരക്ക്
text_fields- കൃഷിയും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടുന്ന പ്രാഥമിക മേഖലയിലെ വളർച്ച 4.7 ശതമാനം
- വ്യവസായങ്ങളും സംരംഭങ്ങളും ഉൾക്കൊള്ളുന്ന ദ്വിതീയ മേഖലയിൽ വളർച്ച 4.1 ശതമാനം
- സേവന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന തൃതീയ മേഖലയിലെ വളർച്ച 8.9 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദന നിരക്കിലെ വളർച്ചയിൽ വലിയ മാറ്റമില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 6.6 ശതമാനമാണ് വളർച്ച. ഈ വർഷത്തെ റിപ്പോർട്ടിൽ 6.5 ശതമാനവും. രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനത്തിന്റെ കുറവ് പ്രകടം.
എന്നാൽ, പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കഴിഞ്ഞ വർഷത്തെ വളർച്ച തോത് മറ്റൊന്നാണ്. 4.2 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തേതെന്നും അത് ഇക്കുറി 6.5 ആയി വർധിച്ചുവെന്നും വളർച്ച വ്യക്തമാണെന്നുമാണ് അവകാശവാദം. രണ്ട് റിപ്പോർട്ടുകളിലെ ഈ വൈരുധ്യത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. അതേസമയം കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് ത്വരിത കണക്കുകളായിരിക്കാമെന്നും അത് യഥാർഥ കണക്ക് ആകണമെന്നില്ലെന്നുമാണ് ഒരു പ്ലാനിങ് അംഗം പ്രതികരിച്ചത്.
അതേസമയം, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സാമ്പത്തികാവലോകനം അടിവരയിടുന്നു. 2023-24 വർഷത്തിൽ പ്രതിശീർഷ വരുമാനം 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്. അതായത്, കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് വ്യക്തം. മാത്രമല്ല ഉയർന്ന പ്രതിശീർഷ വരുമാനമുള്ള പത്ത് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിവിധ മേഖലകളും വാർഷിക വളർച്ചയിൽ മികവ് പുലർത്തുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കൃഷിയും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടുന്ന പ്രാഥമിക മേഖലയിലെ വളർച്ച 2022-23ലെ 3.2 ശതമാനത്തിൽ നിന്നും 2023 -24 ൽ 4.7 ശതമാനമായി വർധിച്ചു.
വ്യവസായങ്ങളും സംരംഭങ്ങളും ഉൾക്കൊള്ളുന്ന ദ്വിതീയ മേഖലയിൽ തൊട്ടുമുൻവർഷം 3.2 ശതമായിരുന്നു വളർച്ച. ഇത് 4.1 ശതമാനമായാണ് വർധിച്ചത്. ജി.എസ്.ഡി.പിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നതും സേവന വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതുമായ തൃതീയ മേഖലയിൽ ഈ വർഷം 8.9 ശതമാനമാണ് വളർച്ച വർധന. കഴിഞ്ഞവർഷം ഇത് ഏഴ് ശതമാനമായിരുന്നു. ധനകമ്മി കഴിഞ്ഞവർഷം ജി.എസ്.ഡി.പിയുടെ 2.5 ശതമാനമായിരുന്നു. ഈ വർഷം നേരിയതോതിൽ വർധിച്ച് 2.9 ശതമാനമായി. വരുന്ന സാമ്പത്തികവർഷം ഇത് 3.4 ശതമാനമാകുമെന്നും കണക്കാക്കുന്നു. കഴിഞ്ഞവർഷം 0.9 ശതമാനമായിരുന്ന റവന്യൂ കമ്മി നിലവിൽ 1.6 ശതമാനമാണ്.
റവന്യൂ വരുമാനം 6.2 ശതമാനം കുറഞ്ഞു
2023-24 സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 6.2 ശതമാനം കുറഞ്ഞു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിൽ നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനമാണ് വർധിച്ചത്. മൊത്തം ചെലവിൽ ഈ വർഷം 0.5 ശതമാനം പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി.
പ്രധാന പ്രഖ്യാപനങ്ങൾ
കളിപ്പാട്ട നിർമാണ പ്രോത്സാഹനത്തിന് അഞ്ച് കോടി
കണ്ണൂർ ധർമടത്ത് ഗ്ലോബർ ഡയറി വില്ലേജിന് 10 കോടി
പിണറായിയിൽ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം
കെ.എസ്.ആർ.ടി.സിക്ക് ബി.എസ് ഫോർ ഡീസൽ ബസുകൾ വാങ്ങുന്നതിന് 107 കോടി
കോഴിക്കോട് പുതിയ ബയോളജിക്കൽ പാർക്കിന് അഞ്ചു കോടി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റിൻ പ്ലാനിങ് കമിറ്റി
കേരളത്തെ ഹെൽത്ത് ടൂറിസം ഹബാക്കി വികസിപ്പിക്കുന്നതിന് 50 കോടി
ടൂറിസം കേന്ദ്രങ്ങളിൽ ഹോട്ടൽ നിർമിക്കുന്നതിന് 50 കോടി വരെ കെ.എഫ്.സി വായ്പ
കോളജുകളിലെ ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് സെന്ററുകളെ കൂട്ടിയിണക്കി ജില്ല തലത്തിൽ ഫ്രീഡം സ്ക്വയർ. അതിനായി രണ്ടു കോടി
കിടപ്പുരോഗികൾ അല്ലാത്ത വയോജനങ്ങൾക്ക് ആരോഗ്യകരമായ പ്രായമാകൽ പദ്ധതിക്ക് 50 കോടി
നികുതി വെട്ടിച്ച് ചരക്കുനീക്കം കണ്ടെത്തിയാൽ വാഹനവും ചരക്കും പിടിച്ചെടുക്കും
ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിരം കാമ്പസിന് 212 കോടി
സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് 15 കോടി
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ പാർക്കും സ്ഥാപിക്കാൻ 10 കോടി
ക്ഷേമ പെൻഷനിൽ അനർഹരെ കണ്ടെത്താൻ ഓഡിറ്റ്