സംസ്ഥാന ബജറ്റ് : മത്സ്യമേഖലക്ക് നിരാശയെന്ന് ചാൾസ് ജോർജ്
text_fieldsകൊച്ചി: ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് മത്സ്യമേഖലക്ക് നിരാശയെന്ന് മൽസ്യത്തൊഴിലാളി ഏക്യവേദി സെക്രട്ടറി ചാൾസ് ജോർജ്. കേരള വികസനത്തെ സംബന്ധിച്ച ശ്രദ്ധേയമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കു കയും ധീരമായ ചില നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും പ്രധാന ഉല്പാദന മേഖലകളിലൊന്നായ മത്സ്യമേഖലയുടെ പ്രശ്‌നങ്ങൾ യാഥാർഥ്യ ബോധത്തോടെ അഭിസംബോധന ചെയ്യുന്ന ഒന്നല്ല പുതിയ സംസ്ഥാന ബജറ്റ്.
പ്രധാന മത്സ്യ ഇനമായ മത്തിയുടെ വരൾച്ചയടക്കം മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. പുതിയ ബജറ്റ് ഈ വിഷയം പരിഗണിക്കുന്നേയില്ല. കടലോര പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പരീക്ഷിച്ചു പരാജയപ്പെട്ട ജിയോട്യൂബ് പോലുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ബ്ലൂഇക്കോണമിയുടെ ഭാഗമായി വമ്പിച്ച കുടിയൊഴിപ്പിക്കലുകൾ വരുന്ന പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുകയാണ്.
തീരദേശ ഹൈവേയും, പുനർഗേഹവും ഇതിനനുരോധമായി വരികയാണ്. മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നും ബഹിഷ്കൃതരാക്കുന്ന ടൂറിസവൽക്കരണ പദ്ധതിക്കാണ് ഊന്നൽ. കേരളത്തിലെ മത്സ്യമേഖല ഒറ്റക്കെട്ടായി എതിർക്കുന്ന സീപ്ലെയിൻ പദ്ധതി നടപ്പാക്കുമെന്ന് അർഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്നുമുണ്ട്.
മൂന്ന് മാസം മുമ്പ് സംസ്ഥാന മന്ത്രി തന്നെ മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്‌തേ പദ്ധതി നടപ്പാക്കൂ എന്ന് പ്രഖ്യാപിച്ചതാണ്. അത് ഇതുവരേയും നടപ്പാക്കിയിട്ടില്ല. ആദിവാസികൾ കഴിഞ്ഞാൽ ഏറ്റവും പിന്നണിയിൽ നിൽക്കുന്ന മത്സ്യമേഖലയുടെ ക്ഷേമപദ്ധതികൾക്കോ, ഈ രംഗത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന നടപടികൾക്കോ യാതൊരു പരിഗണനയും നൽകാത്തതും പ്രതിഷേധാർഹമാണ്.
മണ്ണെണ്ണ 25 രൂപക്ക് നൽകുമെന്ന മുൻമന്ത്രിയുടെ പ്രസ്‌താവന സൗകര്യപൂർവം മറന്നേപോയിരിക്കുന്നു. ബജറ്റിനു മുമ്പ് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാത്തതും പ്രതിഷേധാർഹമാണ്. മേഖലയുടെ പുനഃസംഘാടനത്തിന് ഊന്നൽ നൽകാവുന്ന രൂപത്തിൽ ബജറ്റ് നിർദേശങ്ങളില്ല. വർഷങ്ങളായി മധ്യകേരളത്തിലെ മത്സ്യമേഖലയുടെ പ്രധാന ആവശ്യമായ കാളമുക്ക് ഹാർബറിനെ സംബന്ധിച്ചും പരാമർശമില്ലാത്തതും നിരാശയുളവാക്കുന്നുവെന്ന് ചാൾസ് ജോർജ് പ്രസ്താവനയിൽ അറിയിച്ചു.