കെ.എസ്.ആർ.ടി.സിക്ക് ബസുകൾ വാങ്ങാൻ ബജറ്റിൽ 127 കോടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഡീസല്‍ ബി.എസ് -ആറ് ബസുകള്‍ വാങ്ങാനുളള ബജറ്റ് വിഹിതം 127 കോടി രൂപയാക്കി.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും പ്രതിമാസ പ്രവര്‍ത്തന നഷ്ടം കുറക്കാനും വര്‍ക് ഷോപ്പുകളും ഡിപ്പോകളും ആധുനികവത്കരിക്കാനുമായി 45.72 കോടി രൂപ വകയിരുത്തി. കെ.എസ്.ആർ.ടി.സിയെ ഇ-ഗവേണൻസ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താൻ 12 കോടി ചെലവഴിക്കും. റോഡ് ഗതാഗത സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് 18.62 കോടി വകയിരുത്തി.
അതിവേഗ റെയിൽ പദ്ധതിക്ക് 100 കോടി
സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയായ റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (ആർ.ആർ.ടി) പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 100 കോടി. പദ്ധതിക്ക് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിച്ചാണ് പദ്ധതി. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെ എതിര്‍പ്പ് കാരണം തടസ്സപ്പെട്ടെങ്കിലും ‘കെ-റെയില്‍ പദ്ധതി വരും കേട്ടോ’ എന്നതാണ് തങ്ങളുടെ നിലപാടെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.
പദ്ധതിയുടെ പേരുമായോ സാങ്കേതികവിദ്യയുമായോ ബന്ധപ്പെട്ട ഒരു പിടിവാശിയും സര്‍ക്കാരിനില്ല. അക്കാര്യം തങ്ങള്‍ ബന്ധപ്പെട്ടരെ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. നേരത്തേ കാണിച്ച എതിര്‍പ്പുകള്‍ മാറ്റിവെച്ച് കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാക്കണമെന്നതാണ് നിലപാട്. കേന്ദ്രം മുന്നോട്ടുവന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.സി റോഡ് 24 മീറ്ററിൽ നാലുവരിയാക്കും; ആദ്യഘട്ടത്തിന് 5217 കോടി
തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കാനുള്ള പദ്ധതി കിഫ്ബി വഴി ഏറ്റെടുക്കും. ആദ്യഘട്ട വികസനത്തിന് 5217 കോടി നീക്കിവെക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ ബൈപ്പാസുകളുടെയും വിവിധ ജങ്ഷനുകളുടെയും നിർമാണവും അടങ്ങുന്നതാണ് ഒന്നാം ഘട്ടം.


