വാങ്ങാൻ ആളില്ല; ഓഹരി വിൽപന ലക്ഷ്യം പാളി
text_fieldsഎയർ ഇന്ത്യ വിൽപനയിൽ നടപ്പു വർഷം സർക്കാറിന് കിട്ടിയത് 2700 കോടിയെന്ന് ബജറ്റ് കണക്കുകൾ. ഇക്കൊല്ലം ഓഹരി വിൽപനയിലൂടെ ഒന്നേമുക്കാൽ ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിൽ, കിട്ടിയത് 12,030 കോടി മാത്രം.
എയർ ഇന്ത്യയുടെ 2700 കോടിയും ഈ കണക്കിൽ പെടും. ഉദ്ദേശിച്ച വിധം വിൽപന നടക്കാത്തതിന് കാരണമായി കോവിഡ് സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കൊല്ലം ലക്ഷ്യം കുറച്ചു -65,000 കോടി.
ബജറ്റിലെ ഓഹരി വിൽപന ലക്ഷ്യം പാളുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. 2020-21ൽ ലക്ഷ്യമിട്ടത് 2.10 ലക്ഷം കോടി; കിട്ടിയത് 37,897 കോടി. 2019-20ൽ കിട്ടിയത് 50,298 കോടിയിൽ ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി.
എന്നാൽ, 2018-19ൽ പ്രതീക്ഷിച്ചത് 80,000 കോടി, കിട്ടിയത് 84,972 കോടി. നടപ്പു വർഷം എൽ.ഐ.സി ഓഹരി വിൽപനയാണ് മുഖ്യം. ബി.പി.സി.എൽ, ഷിപിങ് കോർപറേഷൻ, കെണ്ടയ്നർ കോർപറേഷൻ, പവൻ ഹൻസ് തുടങ്ങിയവയുടെ ഓഹരി വിൽപനക്കും മുൻഗണന.