വരുന്നു ഡിജിറ്റല്‍ സർവകലാശാല
text_fieldsതൻവീർ അഹ്മദ്
കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യത്തെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ പാഠ്യപദ്ധതികള്‍ക്ക് ഊന്നല്‍ നൽുകമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കും. രാജ്യത്തെ പൊതു സർവകലാശാലകളുമായി ഡിജിറ്റൽ സർവകലാശാലയെ ബന്ധിപ്പിക്കും. ഒരു ക്ലാസിന് ഒരു ടി.വി ചാനല്‍ എന്ന പദ്ധതിയിൽ 12 ചാനലുകളില്‍ നിന്ന് 200 ചാനലുകളായി വര്‍ധിപ്പിക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക ഭാഷകളില്‍ ആയിരിക്കും ടി.വി ചാനലുകള്‍ ആരംഭിക്കുക. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്കായി ഉന്നത നിലവാരത്തില്‍ ഇ-കണ്ടന്റുകള്‍ പ്രാദേശിക ഭാഷകളില്‍ വികസിപ്പിക്കും. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ വഴി ഡിജിറ്റല്‍ അധ്യാപകരിലൂടെ ഇവ വിദ്യാര്‍ഥികളിലേക്കെത്തിക്കും. ശാസ്ത്ര, ഗണിതശാസ്ത്ര മേഖലകളില്‍ 750 വെര്‍ച്വല്‍ ലാബുകള്‍ രൂപവത്കരിക്കും. പഠാനന്തരീക്ഷം മെച്ചപ്പെടുത്താന്‍ 75 സ്കില്ലിങ് ഇ-ലാബുകള്‍ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.