ബജറ്റിൽ കടുംവെട്ട്
text_fieldsന്യൂഡൽഹി: ധനക്കമ്മി ലക്ഷ്യമിട്ടതിലും കുറച്ചുവെന്ന് അഭിമുഖങ്ങളിൽ അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂലധന ചെലവിൽ രണ്ട് ലക്ഷത്തോളം കോടി രൂപയുടെ കടും വെട്ട് നടത്തിയാണ് ഇത് നേടിയതെന്ന് മുൻ ധനമന്ത്രി പി.ചിദംബരം ബജറ്റ് ചർച്ചയിൽ കണക്കുകൾ നിരത്തി സമർഥിച്ചു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വിവിധ ക്ഷേമ പദ്ധതികൾക്കായി ചെലവിടേണ്ട 1,83,569 കോടി രൂപയാണ് നിർമല സീതാരാമൻ ഇതിനായി വെട്ടിക്കുറച്ചതെന്നും ഇത്രയും ഭീമമായ തോതിൽ മൂലധന ചെലവ് വെട്ടിക്കുറച്ചിട്ടും കേവലം 43,785 കോടി രൂപ മാത്രമാണ് സ്വരൂപിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. മൂലധന ചെലവ് വെട്ടിക്കുറച്ച് ധനക്കമ്മി ഇല്ലാതാക്കുന്നത് നല്ല സാമ്പത്തിക ശാസ്ത്രമല്ലെന്നും നിർമലയെ സഭയിലിരുത്തി ചിദംബരം ഓർമിപ്പിച്ചു. ചർച്ചക്ക് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലും ധനമന്ത്രി മറുപടി പറയും.
ബജറ്റിന് ശേഷമുള്ള പല അഭിമുഖങ്ങളിലും ധനക്കമ്മി നേടുക മാത്രമല്ല, സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന ധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നതിന്റെ കണക്കുകളും ചിദംബരം സഭക്ക് മുമ്പാകെ വെച്ചു. ലക്ഷ്യമിട്ട 4.9 ശതമാനത്തിന് പകരം ധനക്കമ്മി 4.8 ശതമതാനത്തിലെത്തി എന്നാണ് നിർമല അവകാശപ്പെട്ടതെന്ന് അവരെ ഇരുത്തി ചിദംബരം പറഞ്ഞു. ഇതിനായി ധനമന്ത്രി ബജറ്റിൽ ക്രൂരമായ വെട്ടിക്കുറക്കലാണ് നടത്തിയത്.
കേന്ദ്ര സർക്കാറിന്റെ മൂലധന ചെലവിൽ നിന്ന് 92,682 കോടി രൂപയും സംസ്ഥാനങ്ങളുടെ മൂലധന ചെലവിലേക്കുള്ള കേന്ദ്ര വിഹിതമായ 90,887 കോടി രൂപയുമാണ് ഇതിനായി വെട്ടിക്കുറച്ചത്. രണ്ടും കൂടി 1,83,569 കോടി രൂപ വെട്ടിക്കുറച്ചിട്ട് ആകെ സ്വരൂപിക്കാനായത് 44,000 കോടി രൂപയാണ്. ഇത് നല്ല സാമ്പത്തിക ശാസ്ത്രമല്ല.
വിദ്യാഭ്യാസത്തിനുള്ള 11,584 കോടിയും ആരോഗ്യ മേഖലക്കുള്ള 1,255 കോടിയും സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള 10,019 കോടിയും ഗ്രാമവികസനത്തിനുള്ള 75,132 കോടിയും, നഗരവികസനത്തിനുള്ള 18,709 കോടിയും കാർഷിക മേഖലക്കുള്ള 10,992 കോടിയുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത്രയും ക്രൂരമായ കടുംവെട്ട് നടത്തിയതെന്തിനാണെന്ന് ചിദംബരം നിർമലയോട് ചോദിച്ചു.
പട്ടികജാതി വികസനത്തിനുള്ള 1344 കോടി രൂപയും പട്ടിക ജാതിക്കാർക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള 860 കോടിയും യുവ പ്രതിഭകൾക്ക് സ്കോളർഷിപ്പിനുള്ള 455 കോടിയും വെട്ടിക്കുറച്ചതാണ് ഏറ്റവും ദയാശൂന്യമായ നടപടി. ജൽജീവൻ മിഷൻ, പ്രധാൻമന്ത്രി ഗ്രാമ സഡക് യോജന, വിള ഇൻഷുറൻസ്, യൂറിയ സബ്സിഡി, പി.എം ഗരീബ് കല്യാൺ യോജന എന്നിവയിലും ദയയില്ലാത്ത വേറെയും കടുംവെട്ട് ബജറ്റിലുണ്ടെന്ന് ചിദംബരം തുടർന്നു.
പട്ടികജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമുള്ള ഫണ്ട് വെട്ടിമാറ്റി ധനക്കമ്മി കുറച്ചുവെന്ന് പറയുന്നതിൽ എന്തർഥമാണുള്ളതെന്ന് ചിദംബരം ചോദിച്ചു. ‘നഗര വെല്ലുവിളി ഫണ്ട്’ എന്ന ഒരു ലക്ഷം കോടിയുടെ പുതിയ ഫണ്ട് പ്രഖ്യാപിച്ചിട്ട് 10,000 കോടിയാണ് ആകെ വകയിരുത്തിയത്. ജൽജീവൻ മിഷന് നടപ്പുസാമ്പത്തിക വർഷം അനുവദിച്ച 70,000 കോടി രൂപയിൽ 22,640 കോടി രൂപ മാത്രമാണ് ചെലവിട്ടത്.
ഇത് ശരിക്കും മാജിക് ആണെന്ന് ചിദംബരം പരിഹസിച്ചു. നിർമാണ മേഖലയിൽ ഇന്ത്യയുടെ പ്രകടനം താഴോട്ടാണ്. സാമ്പത്തിക സർവേ പ്രകാരം 2014ൽ നിന്ന് 15.07ൽ നിന്ന് 12.93 ശതമാനമായി കുറഞ്ഞുവെന്ന് പറയുന്നത് ലോകബാങ്ക് കണക്കുവെച്ചാണെന്നും ചിദംബരം പറഞ്ഞു.