പൊതുമേഖല ബാങ്കുകളിൽ 745 സ്പെഷലിസ്റ്റ് ഓഫിസർ
text_fieldsകേന്ദ്ര പൊതുമേഖല ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിന് ഐ.ബി.പി.എസ് ഓൺലൈനിൽ ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും.
ഒഴിവുകൾ: സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ വിവിധ തസ്തികകളിലായി 745 ഒഴിവുകളാണുള്ളത്. അഗ്രികൾചർ ഓഫിസർ -190, എച്ച്.ആർ/പേഴ്സനൽ ഓഫിസർ -60, ഐ.ടി ഓഫിസർ -301, ലോ ഓഫിസർ -105, രാജ്ഭാഷാ അധികാരി -89. മാർക്കറ്റിങ് ഓഫിസർ തസ്തികയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്പെഷലിസ്റ്റ് ഓഫിസർ (സ്കെയിൽ-1) തസ്തികയുടെ ശമ്പളനിരക്ക് 48480-85920 രൂപയാണ്.
അവസരം: ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലേക്കാണ് ഐ.ബി.പി.എസ് 2027-28 വർഷത്തേക്ക് പൊതു റിക്രൂട്ട്മെന്റ് നടത്തുന്നത്.
പ്രായപരിധി: 1.7.2026ൽ 20-30 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി-നോൺ ക്രീമിലെയർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 850 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി.
വെബ് സൈറ്റ്: വിശദ വിവരങ്ങളും അപ്ഡേറ്റുകളും www.ibps.inൽ ലഭ്യമാണ്.


