ബാങ്ക് ലോക്കർ സുരക്ഷിതത്വം വെറും സങ്കൽപമോ?
text_fieldsആഭരണങ്ങൾ മുതൽ വിലയേറിയ രേഖകളും പണവുമെല്ലാം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുക ബാങ്ക് ലോക്കറിലാണെന്നാണ് വിശ്വാസം. എന്നാൽ, ഇത് എത്രമാത്രം ശരിയാണ്? യു.പിയിലെ മുറാദാബാദിലെ വീട്ടമ്മക്കുണ്ടായ അനുഭവം ഈയിടെ ഒരു യൂട്യൂബർ വിവരിക്കുകയുണ്ടായി. 2022ൽ തന്റെ ബാങ്ക് ലോക്കറിൽ ആഭരണങ്ങൾക്കൊപ്പം സൂക്ഷിച്ച 18 ലക്ഷം രൂപ 2023ൽ മുഴുവനായും ചിതലരിച്ചുപോയെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും വീട്ടമ്മ പറയുന്നു.
ലോക്കറിനും റിസ്ക്
വിലപിടിപ്പുള്ളവ സൂക്ഷിക്കാൻ ബാങ്ക് ലോക്കറുകൾ നല്ലതാണെങ്കിലും ഇതിലും അപായ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന ഈർപ്പം, ചിതൽ ആക്രമണം പോലുള്ളവയും പ്രകൃതിക്ഷോഭങ്ങളുമെല്ലാം ലോക്കറിലെ സാധനങ്ങൾ നശിപ്പിക്കാം. അപൂർവമായി കവർച്ചയും സംഭവിക്കാം. ഇങ്ങനെയുണ്ടായാൽ നഷ്ടപരിഹാരത്തിനുള്ള ബാങ്കിന്റെ ബാധ്യതയിൽ പരിമിതികളുണ്ട് എന്നതാണ് യാഥാർഥ്യം.
2022ലെ റിസർവ് ബാങ്ക് മാർഗനിർദേശപ്രകാരം ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾക്ക് ബാധ്യത ഉണ്ട്. നിശ്ചിത കാരണങ്ങളാൽ ഇവ നഷ്ടമായാൽ ലോക്കറിന്റെ വാർഷിക വാടകയുടെ നൂറു മടങ്ങുവരെ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണ്.
സുരക്ഷിത ലോക്കറിന്
- സാധനങ്ങൾ ജലപ്രതിരോധങ്ങളായ, സീൽ ചെയ്ത കവറുകളിലാക്കി സൂക്ഷിക്കുക.
- കറൻസി സൂക്ഷിക്കുന്നതിന് പകരം അക്കൗണ്ടിലിടാം.
- സൂക്ഷിച്ചവ എന്തെല്ലാമെന്ന് രേഖപ്പെടുത്തിയും ഫോട്ടോയെടുത്തും വെക്കുക.
- ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾ കുഴപ്പമില്ലാതെ കിടക്കുന്നോ എന്ന് ഇടക്കിടെ പരിശോധിക്കാം.
- മൂല്യമേറിയ വസ്തുക്കൾ ഇൻഷുർ ചെയ്യാം.