വീണ്ടും ബാങ്ക് ലയനം; പൊതുമേഖലയിൽ മൂന്നെണ്ണം മാത്രമാക്കും
text_fieldsകൊച്ചി: രാജ്യത്തെ 12 പൊതുമേഖല ബാങ്കുകൾ മൂന്നെണ്ണമാക്കി ചുരുക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലേക്ക് മറ്റ് വിവിധ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. കേന്ദ്ര സർക്കാർ തലത്തിൽ ഇതിനുള്ള നടപടി തുടങ്ങിയതായാണ് വിവരം. സാമ്പത്തിക വർഷം അവസാനത്തോടെ ലയന നടപടികൾ ഔദ്യോഗികമായി ആരംഭിക്കും.
എസ്.ബി.ഐ ഗ്രൂപ്പിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഉൾപ്പെടുക. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിന്റെ ഭാഗമാക്കും. പഞ്ചാബ് നാഷനൽ ബാങ്കിന്റെ നേതൃത്വത്തിലാണ് മൂന്നാമത്തെ ഗ്രൂപ്. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുക.
ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള രണ്ട് പൊതുമേഖല ബാങ്കുകളെങ്കിലും രാജ്യത്ത് ഉണ്ടാവുക എന്നതാണ് ലയനത്തിന് കേന്ദ്ര സർക്കാർ പറയുന്ന ന്യായം. ലോകത്തെ പ്രധാന 20 ബാങ്കുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നാവണം. 2021ൽ നടപ്പാക്കിയ പുതുക്കിയ പൊതുമേഖല സ്ഥാപന നയവും ഈ ലയനത്തിലേക്ക് വഴിയൊരുക്കുന്നതാണ്. ബാങ്കിങ് ഉൾപ്പെടെ പൊതുമേഖലയിൽ സർക്കാറിന്റെ സാന്നിധ്യം പരമാവധി ചുരുക്കുക എന്നതാണ് നയത്തിന്റെ കാതൽ.
2020 ഏപ്രിൽ ഒന്നിനാണ് ഇതിനുമുമ്പ് പൊതുമേഖല ബാങ്ക് ലയനം നടന്നത്. അന്ന് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിപ്പിച്ചു.
ആഗോള റാങ്കിങ്ങിൽ 43ാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷനൽ ബാങ്കിന് 18.2 ലക്ഷം കോടി, ബാങ്ക് ഓഫ് ബറോഡക്ക് 17.8 ലക്ഷം കോടി, കനറാ ബാങ്കിന് 16.8 ലക്ഷം കോടി, യൂനിയൻ ബാങ്കിന് 15 ലക്ഷം കോടി, ബാങ്ക് ഓഫ് ഇന്ത്യക്ക് 10.4 ലക്ഷം കോടി, ഇന്ത്യൻ ബാങ്കിന് 8.7 ലക്ഷം കോടി, സെൻട്രൽ ബാങ്കിന് 4.8 ലക്ഷം കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിന് നാല് ലക്ഷം കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രക്കും യൂക്കോ ബാങ്കിനും 3.7 ലക്ഷം കോടി, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 1.6 ലക്ഷം കോടി എന്നിങ്ങനെയാണ് ആസ്തി.


