Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനോക്കിക്കോ,...

നോക്കിക്കോ, പണമിടപാടുകൾക്ക് ഇനി എസ്.എം.എസ് വരില്ല

text_fields
bookmark_border
നോക്കിക്കോ, പണമിടപാടുകൾക്ക് ഇനി എസ്.എം.എസ് വരില്ല
cancel
Listen to this Article

മുംബൈ: യു.പി.ഐ ഉപയോഗിച്ച് ഒരു തീപ്പെട്ടി വാങ്ങിയാൽ പോലും മൊബൈൽ ഫോണിൽ എസ്.എം.എസ് വരുന്ന കാലമാണിത്. ചെറിയ പണമിടപാടുകൾക്കും നിരവധി മെസ്സേജ് വരുന്നത് ഉപഭോക്താക്കളെ ചില്ലറയല്ല വെറുപ്പിക്കുന്നത്. അതുകൊണ്ട്, ഇനി ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താനുള്ള പദ്ധതിയിലാണ് ബാങ്കുകൾ. അതായത് 100 രൂപയിൽ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാൽ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.

യു.പി.ഐ ഇടപാട് ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഒരു രൂപയുടെ ഇടപാടിന് പോലും ​നോട്ടിഫിക്കേഷൻ വരുന്നത് കാരണം വൻതുകയുടെ ഇടപാടിനുള്ള എസ്.എം.എസ് അലർട്ട് ഉപഭോക്താക്കൾ അറിയാതെ പോകുകയാണെന്നാണ് ബാങ്കുകൾ പറയുന്നത്.

പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികൾ കഴിഞ്ഞ മാസം നടത്തിയ ചർച്ചക്ക് ശേഷമാണ് സംയുക്ത തീരുമാനമെടുത്തത്. തുടർന്ന്, സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള ചില മാർഗനിർദേശങ്ങൾ അടക്കം ഉൾപ്പെടുത്തി ഒരു പട്ടിക ആർ.ബി.ഐക്ക് സമർപ്പിക്കുകയായിരുന്നെന്ന് മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഉ​ദ്ധരിച്ച് ഇകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇനി ഇക്കാര്യത്തിൽ ആർ.ബി.ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതേസമയം, എസ്.എം.എസ് നിർത്തലാക്കുന്നതിന് മുമ്പ് ബാങ്കുകൾ ഉപഭോക്താക്കളുടെ അനുമതി തേടുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ആർ.ബി.ഐ നിയമപ്രകാരം പണമിടപാട് നടത്തിയാൽ ഉപഭോക്താവിന് എസ്.എം.എസ് അലർട്ട് അയക്കണം. എന്നാൽ, എസ്.എം.എസ് അലർട്ട് ഒഴിവാക്കാൻ ഉപഭോക്താവിന് സൗകര്യമുണ്ട്. ഒരു എസ്.എം.എസ് അയക്കാൻ 20 പൈസയാണ് ബാങ്കിന് ചെലവ്. ഈ ചെലവ് ഉപഭോക്താവിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഇ-മെയിൽ അലർട്ടുകൾ സൗജന്യമാണ്. സെപ്റ്റംബറിലെ കണക്ക് പ്രകാരം 1,963.34 കോടി യു.പി.ഐ ഇടപാടാണ് രാജ്യത്ത് നടന്നത്.

Show Full Article
TAGS:UPI Apps UPI Transactions sms alert Bank SMS scam finance fraud minimum balance Minimum Balance Fine 
News Summary - banks to stop sms alert on transactions
Next Story