കേരളത്തിന്റെ സ്വന്തം ബാങ്കിൽ വൻ നിക്ഷേപം നടത്തി വിദേശ കമ്പനി
text_fieldsമുംബൈ: കേരളത്തിന്റെ സ്വന്തമായ ഫെഡറൽ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തി വിദേശ കമ്പനി. ന്യൂയോർക്ക് ആസ്ഥാനമായ ബ്ലാക്സ്റ്റോൺ ഗ്രൂപ്പാണ് 6196 കോടി രൂപ നിക്ഷേപിച്ച് 27.29 കോടി കൺവേർട്ടിബ്ൾ വാറന്റ്സ് സ്വന്തമാക്കിയത്. ഇതോടെ ഭാവിയിൽ ഫെഡറൽ ബാങ്കിന്റെ 9.99 ശതമാനം ഓഹരികൾ വാങ്ങാൻ ബ്ലാക്സ്റ്റോണിന് കഴിയും. മാത്രമല്ല, നോൺ എക്സികുട്ടിവ് ഡയറക്ടറെ നിയമിക്കാനും ബ്ലാക്സ്റ്റോണിന് ഫെഡറൽ ബാങ്ക് ബോർഡ് അനുമതി നൽകി.
ഈ വർഷം വിദേശ നിക്ഷേപം ലഭിക്കുന്ന മൂന്നാമത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക്. യെസ് ബാങ്കിൽ ജപ്പാന്റെ സുമിതോമോ മിറ്റ്സുയി ബാങ്കിങ് കോർപറേഷനും ആർ.ബി.എൽ ബാങ്കിൽ യു.എ.ഇയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ എമിറേറ്റ്സ് എൻബിഡിയും വൻ നിക്ഷേപം നടത്തിയിരുന്നു.
ഇന്ത്യയിൽ 50 ബില്ല്യൻ ഡോളർ അതായത് 4.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ബ്ലാക്സ്റ്റോൺ. ആദ്യമായാണ് കമ്പനി രാജ്യത്തെ ബാങ്കിൽ നിക്ഷേപം നടത്തുന്നത്. അതേസമയം, ആധാർ ഹൗസിങ്, ആസ്ക് വെൽത് തുടങ്ങിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും എയ്സ് ഇൻഷൂറൻസ് ബ്രോക്കേർസിന്റെയും കോടികളുടെ ഓഹരികൾ കമ്പനി സ്വന്തമാക്കിയിരുന്നു.


