വീണ്ടും ലയന പദ്ധതി; തീപിടിച്ച് ബാങ്ക് ഓഹരികൾ
text_fieldsമുംബൈ: ഒരിടവേളക്ക് ശേഷം കേന്ദ്ര സർക്കാർ വീണ്ടും പൊതുമേഖലയിലെ ബാങ്കുകൾ ലയിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെറുകിട ബാങ്കുകളെ വൻകിട ബാങ്കുമായാണ് ലയിപ്പിക്കുക. സാമ്പത്തിക രംഗത്തെ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് നീക്കം. നിരവധി ചെറുകിട ബാങ്കുകൾക്ക് പകരം ലോകോത്തര നിലവാരമുള്ള ശക്തമായ ഒരു ബാങ്കിന് രൂപം നൽകുകയാണ് ലക്ഷ്യം.
വാർത്ത പുറത്തുവന്നതോടെ ചെറുകിട പൊതുമേഖല ബാങ്കുകളുടെ ഓഹരി വിലയിൽ വൻ വർധനയുണ്ടായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി) ഓഹരി വില മൂന്ന് ശതമാനത്തിലേറെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (സി.ബി.ഐ) രണ്ട് ശതമാനത്തിലേറെയും ബാങ്ക് ഓഫ് ഇന്ത്യ രണ്ട് ശതമാനത്തോളവും ബാങ്ക് ഓഫ് മഹാരാഷ്ട്ര എട്ട് ശതമാനത്തിലേറെയുമാണ് ഉയർന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളെ സ്വകാര്യവത്കരിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യണമെന്ന നിതി ആയോഗിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സ്വകാര്യ ബാങ്കുകളും ഡിജിറ്റൽ ധാനകാര്യ സ്ഥാപനങ്ങളും അതിവേഗം വളരുന്ന സാഹചര്യത്തിൽ പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിതി ആയോഗ് ചൂണ്ടിക്കാണിച്ചിരുന്നു.
ഐ.ഒ.ബി, സി.ബി.ഐ, ബി.ഒ.ഐ, ബി.ഒ.എം തുടങ്ങിയവയെ പഞ്ചാബ് നാഷനൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായാണ് ലയിപ്പിക്കുക. ഇതു സംബന്ധിച്ച പദ്ധതി തയാറാക്കിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിതല ചർച്ചക്ക് ശേഷമായിരിക്കും പദ്ധതി നിർദേശം പ്രധാനമന്ത്രിയുടെ ഓഫിസ് പരിശോധിക്കുക. വിശദ ചർച്ചകൾക്ക് ശേഷം 2027 സാമ്പത്തിക വർഷത്തോടെ പദ്ധതിക്ക് വ്യക്തമായ രൂപരേഖ തയാറാക്കും. ബാങ്കുകളുടെ നിലപാട് തേടിയ ശേഷം സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതിക്ക് പൂർണ രൂപമായ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
ബാങ്കിങ് മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ പത്ത് പൊതുമേഖല ബാങ്കുകളെ കേന്ദ്ര സർക്കാർ നാല് ബാങ്കുകളിൽ ലയിപ്പിച്ചിരുന്നു. ഈ നീക്കത്തോടെ ചെറുകിട ബാങ്കുകളുടെ എണ്ണം 27ൽനിന്ന് 12 എണ്ണമായി ചുരുങ്ങി. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ പഞ്ചാബ് നാഷനൽ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്കിനെ കനറ ബാങ്കുമായാണ് ലയിപ്പിച്ചത്.


