മികവിന്റെ പാതയിൽ കേരള ബാങ്ക്; 1,24,000 കോടി കടന്ന് ബിസിനസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് മികച്ച നേട്ടവുമായി കേരള ബാങ്ക്. 23000 കോടിയോളം രൂപയുടെ ബിസിനസാണ് അഞ്ച് വർഷം കൊണ്ട് വർധിപ്പിക്കാനായത്. 2019ൽ 1,01,194.41 കോടി രൂപയായിരുന്ന ബിസിനസ് 1,24,000 കോടി രൂപയായി ഉയർന്നു. 2024 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെ മാത്രം ബിസിനസിൽ 7900 കോടി രൂപ വർധിപ്പിക്കാനായി.
ബാങ്കിന്റെ നിക്ഷേപം 2020 മാർച്ചിൽ 61037 കോടിയായിരുന്നത് നിലവിൽ 71877 കോടി രൂപയാണ്. ഒരു വർഷത്തിനിടെ 5543 കോടി രൂപയുടെ വർധനവാണുണ്ടായത്.ആദ്യ ഭരണസമിതി നവംബറിൽ അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ കേരള ബാങ്ക് രൂപവൽകരണം ലക്ഷ്യം കണ്ടുവെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കി നിൽപ് എന്ന നേട്ടം കേരള ബാങ്ക് പിന്നിട്ടു. നിലവിൽ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കി നിൽപ്.
മിതമായ പലിശയിൽ സ്വർണവായ്പ ലഭ്യമാക്കുന്ന ‘100 ഗോൾഡൻ ഡേയ്സ് കാമ്പയിൻ’ 93 ദിവസം പിന്നിട്ടപ്പോൾ 2374 കോടി രൂപയുടെ വർധന നേടി. 1500 കോടിയുടെ സ്വർണപ്പണയ വായ്പാ ബാക്കിനിൽപ് വർധനവാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമിട്ടതിനേക്കാൾ 1000 കോടിയോളം അധികം നേടാനായി. കാർഷിക വായ്പാ ബാക്കി നിൽപ് 13129 കോടി രൂപയായാണ്.
കേരള ബാങ്ക് രൂപവൽകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാച്ഛാദനവും മന്ത്രി നിര്‍വ്വഹിച്ചു. വാർത്താസമ്മേളത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് വി. രവീന്ദ്രന്, ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി. എം. ചാക്കോ, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


