ഇ.എം.ഐയിൽ ലക്ഷ്വറി; അഥവാ തീരാ വ്യഥ!
text_fieldsപ്രതീകാത്മക ചിത്രം
ലക്ഷങ്ങളും കോടികളും വരുമാനമുള്ളവർ ഉപയോഗിക്കുന്ന ആഡംബര ഉൽപന്നങ്ങൾ ഇ.എം.ഐ വഴി വാങ്ങുന്ന പുതുതലമുറയുടെ ശീലം വലിയ സാമ്പത്തിക-സാംസ്കാരിക-മാനസിക തകർച്ചയിലെത്തിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ
സെലബ്രിറ്റീസ് മുതൽ അതിസമ്പന്നർ വരെ നടന്നുനീങ്ങുമ്പോൾ, അവരുടെ വാച്ചിലും ഷൂസിലും ഹാൻഡ്ബാഗിലും വസ്ത്രത്തിലുമെല്ലാം ‘വട്ട’മിട്ട് യൂട്യൂബർമാർ വിളിച്ചുപറയുന്ന ലക്ഷങ്ങളുടെ വിലക്കണക്ക് കേട്ട് കണ്ണു തള്ളുന്നവരാണല്ലോ നമ്മൾ. ഇടത്തരക്കാർക്കൊന്നും സങ്കൽപിക്കാൻ കഴിയാത്ത വിലയുള്ള ഈ അത്യാഡംബര വസ്തുക്കൾ വാങ്ങണമെന്ന ആശ വില കേൾക്കുമ്പോൾതന്നെ പലരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ സ്കിപ് ചെയ്ത് പോകാൻ അനുവദിക്കാതെ ജെൻ സിയെയും മിലേനിയൽസിനെയും കൊണ്ട് ഇവ വാങ്ങിപ്പിക്കാനുള്ള കുതന്ത്രമാണ് വിപണിയിലെ പുതിയ വിശേഷം.
ലക്ഷ്വറി ഷൂസുകൾ മുതൽ ഹാൻഡ് ബാഗുകൾ വരെയുള്ളവക്ക് ഇ.എം.ഐ സൗകര്യം ഏർപ്പെടുത്തി വിൽപന കൂട്ടുന്നതാണ് തന്ത്രം. സാധാരണക്കാരൻ വാങ്ങുന്ന ഒരു ഷൂസിന്റെ വിലയോളം മാസം ഇ.എം.ഐ നൽകി ജെൻ സി പിള്ളേര് ലക്ഷ്വറി ഷൂകൾ വാങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ തന്ത്രം. ഇത് ഫലിക്കുന്നുണ്ടെന്നാണ് വിപണിയിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാസശമ്പളത്തിൽനിന്ന് ഒരു വലിയ തുക ഇങ്ങനെ അത്യാഡംബരത്തിനായി ചെലവിടുന്നത് പുതുതലമുറയെ വലിയ സാമ്പത്തിക-സാംസ്കാരിക-മാനസിക തകർച്ചയിലെത്തിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
സാമ്പത്തിക പ്രത്യാഘാതം
- അമിത ചെലവ്: എളുപ്പത്തിലുള്ള ഇ.എം.ഐ ആകർഷകമായി തോന്നി അതിൽ തലവെച്ചാൽ പിന്നെ, വരുമാനത്തേക്കാൾ വലിയ ജീവിത ശൈലിക്ക് അടിപ്പെട്ട് സാമ്പത്തിക നട്ടെല്ല് ഒടിയും.
- വരവ് കുറയുമ്പോൾ പെട്ടുപോകും: ജോലി നഷ്ടമാകുമ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുമെല്ലാം, യഥാർഥ ജീവിതത്തിന് ഒരു ഗുണവും ചെയ്യാത്ത ഈ ആഡംബര ഇ.എം.ഐകൾ നമ്മെ ദുരിതത്തിലെത്തിക്കും.
- ഷോ മാത്രം, അനിവാര്യതയില്ല: അവശ്യവസ്തുക്കൾ ഇ.എം.ഐയിൽ വാങ്ങുന്നത് മനസ്സിലാക്കാം. പക്ഷേ, ആഡംബര വസ്തുക്കൾ അതല്ലല്ലോ.
- ഒന്നിലേറെ ഇ.എം.ഐ: ഒരു അടവ് പലർക്കും മാനേജ് ചെയ്യാനാകും. എന്നാൽ, ടൂറിനും ഗാഡ്ജറ്റിനും മറ്റു ജീവിതശൈലി ചെലവിനുവേണ്ടിയും ഇ.എം.ഐയെ ആശ്രയിച്ചാൽ ദുരന്തമാകാൻ അധികം സമയം വേണ്ട.
- സമ്പാദ്യം ഇല്ലാതാകും: ഇ.എം.ഐ അടക്കുന്നതുകൊണ്ട് ഒറ്റ പൈസ സേവ് ചെയ്യാനാകാത്ത അനേകം യുവതീയുവാക്കൾ നമുക്കു ചുറ്റിലുമുണ്ട് എന്ന് ഓർക്കുക.
മാനസിക പ്രത്യാഘാതം
- എളുപ്പത്തിൽ ഇ.എം.ഐ എന്ന് കാണുമ്പോൾ അവ സ്വന്തമാക്കി ആഘോഷിക്കാൻ താൽപര്യം വന്നുകൊണ്ടേയിരിക്കും.
- ലക്ഷ്വറി വസ്തുക്കൾ ശീലമായാൽ അത് ഒഴിവാകില്ല. വില കുറഞ്ഞവ ഉപയോഗിക്കാൻ ഈഗോ അനുവദിക്കില്ല.
- തിരിച്ചടവ് മുടങ്ങുമ്പോഴുള്ള സമ്മർദവും, പണം ഇങ്ങനെ ഒഴുകിപ്പോകുമ്പോഴുള്ള കുറ്റബോധവും ആളുകളെ തകർത്തുകളയും.
- സന്തോഷമെന്നത് നാം വാങ്ങിക്കൂട്ടുന്ന സാധനങ്ങളിൽ കുടുങ്ങിക്കിടന്നാൽ സ്വാഭിമാനബോധത്തെ ബാധിക്കും.
ഇ.എം.ഐ എന്നത് അത്യാവശ്യത്തിനുള്ള, റിസ്കുള്ള സാമ്പത്തിക ഞാണിൻമേൽ കളിയാണ്. ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന എക്സൈറ്റ്മെന്റിനു വേണ്ടി അതിൽ തലവെച്ചാൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രതിസന്ധിയിൽ നമ്മെ എത്തിക്കാം.