Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇനി പാൻ കാർഡ് വേണ്ട;...

ഇനി പാൻ കാർഡ് വേണ്ട; ചെറിയ തുകയുടെ ഇടപാട് ലളിതമാക്കുന്നു

text_fields
bookmark_border
ഇനി പാൻ കാർഡ് വേണ്ട; ചെറിയ തുകയുടെ ഇടപാട് ലളിതമാക്കുന്നു
cancel

മുംബൈ: സാമ്പത്തിക ഇടപാടിന് നിർബന്ധമായും പാൻ കാർഡ് നൽകണമെന്ന നിബന്ധനയിൽ സർക്കാർ മാറ്റം വരുത്തുന്നു. ബാങ്കുകളിൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, വാഹനം, സ്ഥലം എന്നിവ വാങ്ങൽ, ഹോട്ടൽ ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടക്കൽ തുടങ്ങിയ കാര്യങ്ങൾക്കുള്ള പാൻ കാർഡ് ഉപയോഗമാണ് ലളിതമാക്കുന്നത്. 1962 മുതൽ നിലവിലുള്ള ആദായ നികുതി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ നിയമം നടപ്പാക്കുക. പുതിയ ഭേദഗതി നിർദേശത്തിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ ഈ മാസം 22 വരെ അറിയിക്കാം. 2025 ലെ ആദായനികുതി നിയമവും നിർദ്ദിഷ്ട മാറ്റങ്ങളും ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

നിലവിലെ നിയമ പ്രകാരം 50,000 രൂപയിൽ കൂടുതലുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ, പുതിയ നിർദേശ പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ അക്കൗണ്ടുകളിൽ നിന്നുള്ള മൊത്തം പണമിടപാടുകൾ 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മാത്രം പാൻ കാർഡ് നൽകിയാൽ മതി.

അതുപോലെ, ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വാങ്ങാനും വിൽക്കാനും നിലവിൽ പാൻ നിർബന്ധമാണ്. എന്നാൽ, ട്രാക്ടറുകൾ ഒഴികെയുള്ള വാഹനങ്ങളുടെ വില അഞ്ച് ലക്ഷം രൂപയിൽ കുറവാണെങ്കിൽ പാൻ ആവശ്യ​മില്ലാതാകും. നിലവിൽ 50,000 രൂപയിൽ കൂടുതലുള്ള റസ്റ്റോറന്റ് ബില്ല് അടക്കാൻ പാൻ വേണമെന്ന നിബന്ധനയിലും മാറ്റം വരും. ഇനി ബില്ല് ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പാൻ നമ്പർ നൽകിയാൽ മതിയെന്ന നിയമമാണ് വരുന്നത്.

നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് പ്രീമിയമായി ഒരു സാമ്പത്തിക വർഷം 50,000ത്തിൽ കൂടുതൽ അടക്കാൻ പാൻ ആവശ്യമായിരുന്നു. ഇനി ഒരു ഇൻഷുറൻസ് പോളിസി വാങ്ങാൻ പാൻ നിർബന്ധമാക്കും.

10 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥലം, വീട്, കെട്ടിടം തുടങ്ങിയവയുടെ വിൽപന, വാങ്ങൽ, സമ്മാനമായി നൽകൽ അല്ലെങ്കിൽ നിർമാണ കരാറുകൾ എന്നിവക്ക് പാൻ നിർബന്ധമാണെന്ന നിയമം ഇല്ലാതാകും. ഈ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിപ്പിക്കും. അധികം രേഖകളില്ലാതെ ചെറിയ തുകയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ഈ നീക്കം പ്രോത്സാഹിപ്പിക്കുമെന്നാണ് സൂചന.

Show Full Article
TAGS:pan card income tax The Central Board of Direct Taxes Bank transactions 
News Summary - PAN card is not mandatory for small amount transaction under the proposed law
Next Story