വിറ്റഴിക്കൽ വീണ്ടും; ഓഹരി വിൽക്കാനൊരുങ്ങി പൊതുമേഖല ബാങ്കുകളും എൽ.ഐ.സിയും
text_fieldsകൊച്ചി: സർക്കാർ ഉടമസ്ഥത കുറച്ചുകൊണ്ടുവന്ന് പൊതു പങ്കാളിത്തം വർധിപ്പിക്കുകയെന്ന പേരിൽ ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കം സജീവമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ആറ് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ലൈഫ് ഇൻഷുറൻസ് കോർപറേഷന്‍റെ ഓഹരികളും വിൽക്കാൻ നീക്കമുണ്ട്. സ്വകാര്യ മേഖലയിലെന്ന് ആർ.ബി.ഐ പറയുന്ന, പൊതുമേഖലക്ക് ഭൂരിപക്ഷ പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐയുടെ ഓഹരികൾ വിറ്റ് പൂർണ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നത് സ്വകാര്യവത്കരണത്തിനല്ല എന്ന വാദമുണ്ടെങ്കിലും ക്രമേണ ഇത് സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്ന് വിമർശകർ പറയുന്നു.
എൽ.ഐ.സിയും വിൽപനക്ക്
എൽ.ഐ.സിയിൽ കേന്ദ്ര സർക്കാരിന് നിലവിൽ 96.5 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 3.5 ശതമാനം ഓഹരി 2022ൽ ഐ.പി.ഒ (ഇനിഷ്യൽ പബ്ലിക് ഓഫറിങ്) വഴി വിറ്റഴിച്ച് 21,000 കോടി രൂപ നേടിയിരുന്നു. വീണ്ടും 6.5 ശതമാനം ഓഹരി വിൽക്കാനാണ് നീക്കം. ഇതിന് കേന്ദ്രത്തിന്‍റെ ‘ഓഹരി വിറ്റഴിക്കൽ’ വിഭാഗം അനുമതി നൽകിയതായാണ് വിവരം. 2027 മേയ് 16നകം 10 ശതമാനം ഓഹരി പൊതു പങ്കാളിത്തത്തിലായിരിക്കണമെന്ന തീരുമാനപ്രകാരമാണ് നീക്കം.
എസ്.ബി.ഐ മുതൽ താഴോട്ട്
രാജ്യത്തെ ഏറ്റവും വലിയ ബാങ്കും പൊതുമേഖല ബാങ്കുമായ എസ്.ബി.ഐ 25,000 കോടി രൂപയുടെ ഓഹരി വിൽക്കാനാണ് ഒരുങ്ങുന്നത്. ഈ ഓഹരികൾ സ്ഥാപനങ്ങൾക്കാണ് നൽകുക. ഇതിന്‍റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ബാങ്ക് ഡയറക്ടർ ബോർഡ് ഓഹരി വിൽപനക്ക് അനുമതി നൽകിയിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍റ് സിൻഡ് ബാങ്ക് എന്നീ പൊതുമേഖലe ബാങ്കുകളും ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ്. ഇതിന്‍റെ നടപടികൾക്കായി രൂപവത്കരിച്ച മന്ത്രിതല ഉന്നത സമിതി ഈമാസം എട്ടിന് യോഗം ചേർന്നു. സാങ്കേതിക, നിയമ വശങ്ങൾ സംബന്ധിച്ച ഉപദേശം നൽകാൻ വിദഗ്ധരെ ഉടൻ നിയോഗിക്കും. 2000 കോടി രൂപക്ക് താഴെയും അതിലധികവുമുള്ള മൂല്യം വരുന്ന രണ്ട് വിഭാഗങ്ങളിലായാണ് ഓഹരികൾ വിൽക്കുക.