പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസ് പിഴ ഒഴിവാക്കും; ഏഴ് ബാങ്കുകളാണ് മുൻ തീരുമാനം പുനഃപരിശോധിക്കുക
text_fieldsകൊച്ചി: രാജ്യത്തെ എല്ലാ പൊതുമേഖല ബാങ്കുകളും സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് വ്യവസ്ഥ ഒഴിവാക്കും. നിലവിൽ പ്രഖ്യാപിച്ച അഞ്ച് ബാങ്കുകൾക്ക് പുറമെ അവശേഷിക്കുന്ന പൊതുമേഖല ബാങ്കുകളും ഇതിനുള്ള നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചന. അക്കൗണ്ടിൽ പ്രതിമാസം മിനിമം ബാലൻസ് തുക സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ് നിലവിലെ രീതി.
കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ സമീപകാലത്ത് മിനിമം ബാലൻസ് പിഴ വ്യവസ്ഥ പിൻവലിച്ചു. എസ്.ബി.ഐ 2020ൽ പിഴ ഈടാക്കൽ നിർത്തി. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് പിഴ ഈടാക്കൽ തുടരുന്നത്. ഇവയുടെ ബോർഡുകൾ വൈകാതെ യോഗം ചേർന്ന് ഇത് നിർത്തലാക്കുമെന്നാണ് വിവരം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. സേവിങ്സ്, കറണ്ട് അക്കൗണ്ടുകൾ വൻതോതിൽ കുറയുന്നതിന് ഒരു കാരണം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ചുമത്തലാണെന്നും ഇത് എന്തിന് തുടരുന്നുവെന്നും മന്ത്രി ആരാഞ്ഞു. ഇക്കാര്യം പുനഃപരിശോധന വേണമെന്ന മന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് അവശേഷിക്കുന്ന ഏഴ് ബാങ്കുകൾ ആ വഴിക്ക് നീങ്ങുന്നത്.