യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുമോ? നയം വ്യക്തമാക്കി റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: യു.പി.ഐ ഇടപാടിന് ചാർജ് ഇടാക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക്. ബുധനാഴ്ച പണനയ അവലോകനത്തിന് ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനമായ യു.പി.ഐ സൗജന്യമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കിയേക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് ഗവർണറുടെ വിശദീകരണം.
വിവിധ രാജ്യങ്ങൾ യു.പി.ഐ സംവിധാനം നടപ്പാക്കുകയും പണമിടപാടുകൾ റെക്കോർഡ് മറികടക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പണമിടപാട് രാജ്യവ്യാപകമാക്കുന്നതിന് യു.പി.ഐ സൗജന്യമായി തുടരണമെന്ന സർക്കാറിന്റെ ആർ.ബി.ഐയുടെയും നയം ഊട്ടിഉറപ്പിക്കുന്നതാണ് ഗവർണറുടെ പ്രസ്താവന. യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കാൻ നിലവിൽ ആലോചനയില്ലെന്ന് നേരത്തെ പാർലമെന്റിൽ ധനമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
യു.പി.ഐ ഇടപാടിന് ചെലവുണ്ടെന്നും ആരെങ്കിലും ആ ചെലവ് വഹിക്കണമെന്നുമാണ് നേരത്തെ ഗവർണർ അഭിപ്രായപ്പെട്ടിരുന്നത്. ഇതോടെ സൗജന്യ ഡിജിറ്റൽ പണമിടപാട് സേവനം നിലനിൽക്കുമോയെന്ന ആശങ്ക ശക്തമായി. നിലവിൽ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ് പ്രകാരം യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുന്നത് വിലക്കിയിരിക്കുകയാണ്.
നാഷണൽ പേയ്മെന്റ്സ് കോർപറേഷനാണ് 2016ൽ യു.പി.ഐ സംവിധാനം വികസിപ്പിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്കുകൾ തമ്മിലും ഉപഭോക്താക്കളും വ്യാപാര സ്ഥാപനങ്ങളും തമ്മിലും അതിവേഗം പണമിടപാട് നടത്താമെന്നതാണ് യു.പി.ഐക്ക് സ്വീകാര്യത ലഭിക്കാൻ കാരണം. ഈ വർഷം ആഗസ്റ്റിൽ യു.പി.ഐയിലൂടെ 2000 കോടി പണമിടപാടുകൾ നടന്നെന്നാണ് ആർ.ബി.ഐയുടെ കണക്ക്.