പരാതികൾ തള്ളുന്നു; മുത്തൂറ്റ് ഫിൻകോർപിന് പിഴ
text_fieldsreserve bank of india
മുംബൈ: ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന ആഭ്യന്തര ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപിന് റിസർവ് ബാങ്ക് പിഴ ചുമത്തി. 2.70 ലക്ഷം രൂപയാണ് പിഴയിട്ടത്. റിസർവ് ബാങ്കാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള സാമ്പത്തിക കണക്കുകൾ പരിശോധിക്കുന്നതിനിടെയാണ് ചട്ട ലംഘനം കണ്ടെത്തിയത്. ഉപഭോക്താക്കളുടെ പരാതികൾ പൂർണമായോ ഭാഗികമായോ കമ്പനി തള്ളുകയാണെന്നും ഇന്റേണൽ ഓംബുഡ്സ്മാന് കൈമാറാനുള്ള സംവിധാനമില്ലെന്നുമാണ് റിസർവ് ബാങ്ക് കണ്ടെത്തിയത്.
സംഭവത്തിൽ റിസർവ് ബാങ്ക് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. അതേസമയം, കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ നടപടി ബാധിക്കില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.