അവകാശികളില്ലാത്ത 67,270 കോടി ഉടമകൾക്ക് തിരിച്ച് നൽകണമെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: അവകാശികളില്ലാത്ത 67,270 കോടി രൂപ തിരികെ നൽകാൻ പ്രത്യേക പരിപാടിക്ക് ആർ.ബി.ഐ തുടക്കം കുറിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയായിരിക്കും ഇതിന് വേണ്ടിയുള്ള ആർ.ബി.ഐയുടെ പ്രത്യേക കാമ്പയിൻ. ഗ്രാമീണ, സെമി അർബൻ മേഖലകൾ കേന്ദ്രീകരിച്ചാവും കാമ്പയിൻ നടത്തുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അവകാശികളില്ലാത്ത പണം നിക്ഷേപകർക്ക് നൽകാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത കറന്റ് അല്ലെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ. കാലാവധി കഴിഞ്ഞിട്ടും അവകാശികളില്ലാത്ത ടേം ഡെപ്പോസിസിറ്റികൾ. ഇനിയും സ്വീകരിക്കാത്ത ഡിവിഡന്റ്, പലിശ എന്നിവയാണ് ഇത്തരത്തിൽ അവകാശികളില്ലാത്ത പണമായി ആർ.ബി.ഐ കണക്കാക്കുന്നത്.
മുൻ ആർ.ബി.ഐ ഗവണർ ശക്തികാന്തദാസ് ഇത്തരത്തിൽ അവകാശികളില്ലാത്ത പണം കണ്ടെത്തുന്നതിനായി കേന്ദ്രീകൃതമായ പോർട്ടൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഈ ഫണ്ട് ഡെപ്പോസിറ്റർ എഡ്യുക്കേഷൻ അവയർനെസ്സ് ഫണ്ടിലേക്ക് മാറ്റാനും മുൻ ഗവർണർ നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെ ഇതുമായി ബന്ധെപട്ട് പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളിലൂടെ പരസ്യം നൽകി ആളുകളെ ബോധവൽക്കരിക്കാനും ആർ.ബി.ഐ നിർദേശിച്ചിരുന്നു. പ്രാദേശിക ഭാഷകളിലും കാമ്പയിൻ നടത്തണമെന്ന് നിർദേശമുണ്ട്. സംസ്ഥാനതലങ്ങളിൽ അവകാശികളില്ലാത്ത പണം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയിൽ 67,270 കോടിയുടെ അവകാശികളില്ലാത്ത പണമുണ്ടെന്ന് പാർലമെന്റിനെ കേന്ദ്രസർക്കാർ അറിയിച്ചത്. അവകാശികളില്ലാത്ത പോർട്ടലിൽ ഇത്തരത്തിലുള്ള 90 ശതമാനത്തിന്റേയും കണക്കുകൾ ലഭ്യമാണെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു.