റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക്; പലിശഭാരം കുറയും, ഇടത്തരക്കാർക്ക് ആശ്വാസം
text_fieldsമുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് നിരക്ക് കുറക്കുന്നത്. റിപ്പോ ദശാബ്ദത്തിലെ ഉയർന്ന നിരക്കായ 6.5ൽനിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ന്യൂട്രലായി നിലനിര്‍ത്തുകയും ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരുംമാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ വായ്പാ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും.
കേന്ദ്ര ബജറ്റിൽ ആദായനികുതിഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് ഇടത്തരക്കാർക്ക് നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
2020 മേയിലാണ് റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു. റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസർവ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറക്കാൻ തീരുമാനമായത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്. സമിതി ഏകകണ്ഠമായി തീരുമാനത്തെ പിന്തുണക്കുകയായിരുന്നു.