വമ്പൻ ഓഹരി വിൽപനക്കൊരുങ്ങി എസ്.ബി.ഐ; അടുത്തയാഴ്ച പ്രഖ്യാപനം
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ വൻ ഓഹരി വിൽപനക്കൊരുങ്ങുന്നു. 25,000 കോടിയുടെ ഓഹരി വിൽപനക്കാണ് എസ്.ബി.ഐ തയാറെടുക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിന് ഓഹരി വിൽപന നടത്താനാണ് ബാങ്ക് ഒരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാവും എസ്.ബി.ഐ നടത്തുകയെന്നാണ് സൂചന.
2015ൽ കോൾ ഇന്ത്യ ഇത്തരമൊരു ഇടപാട് നടത്തിയതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു കമ്പനി വലിയൊരു ഓഹരി വിൽപനക്ക് ഒരുങ്ങുന്നത്. ഈ മാസം മെയിലാണ് ഓഹരി വിൽപനക്ക് എസ്.ബി.ഐ അനുമതി നൽകിയത്. അതേസമയം, ഓഹരി വിൽപനയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ എസ്.ബി.ഐ പുറത്തുവിട്ടിട്ടില്ല.
വായ്പ വളർച്ചക്ക് സഹായം നൽകുക, ബാലൻസ് ഷീറ്റ് കൂടുതൽ കരുത്തുള്ളതാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എസ്.ബി.ഐയുടെ നടപടി. ഇടപാട് നടത്തുന്നതിനായി ആറ് ഇൻവെസ്റ്റ് ബാങ്കിനെ എസ്.ബി.ഐ തെരഞ്ഞെടുത്തിട്ടുണ്ട്. സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി ഹോൾഡിങ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി, കൊട്ടക് ഇൻവെസ്റ്റ് ബാങ്ക്, മോർഗൻ സ്റ്റാൻലി, എസ്.ബി.ഐ ക്യാപിറ്റൽ എന്നിവയാണ് ബാങ്ക് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥാപനങ്ങൾ.
ഈ വർഷം ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് ഓഹരി വിൽപന നടത്തി 450 ബില്യൺ ഡോളർ സമാഹരിക്കാനാണ് രാജ്യത്തെ വിവിധ കേന്ദ്രബാങ്കുകൾ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായാണ് എസ്.ബി.ഐയുടെ ഓഹരി വിൽപന നീക്കം.