സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽനിന്ന് കോടികൾ കാണാതായി; പുറത്തുവന്നത് വൻ തട്ടിപ്പ്
text_fieldsമുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കിൽനിന്ന് കാണാതായത് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ. ലണ്ടൻ ആസ്ഥാനമായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ അക്കൗണ്ടുകളിൽനിന്നാണ് പണം കാണാതായത്. ബംഗളൂരുവിലെ ബ്രാഞ്ചിലുള്ള ഉപഭോക്താവ് നൽകിയ പരാതിയാണ് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ബംഗളൂരു എം.ജി റോഡ് ബ്രാഞ്ചിലെ ഒരു കൂട്ടം സമ്പന്നരുടെ 80 കോടിയോളം രൂപ ബാങ്കിൽനിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്. അക്കൗണ്ടിലെ 2.7 കോടി രൂപ കാണാനില്ലെന്ന് ഉപഭോക്താവ് പരാതി നൽകിയതോടെയാണ് സംഭവത്തെ കുറിച്ച് ബാങ്ക് അധികൃതർ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പിടിയിലായ റിലേഷൻഷിപ് മാനേജർ നക്ക കിഷോർ കുമാറി (40) നെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻ സാമ്പത്തിക തട്ടിപ്പിലേക്ക് വിരൽ ചൂണ്ടുന്ന കേസ് ബംഗളൂരു സിറ്റി പൊലീസിൽനിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
നവംബർ പകുതിയോടെ പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ താൽപര്യത്തിനാണ് ബാങ്ക് മുഖ്യ പരിഗണന നൽകുന്നതെന്നും അവർ അവകാശപ്പെട്ടു. തട്ടിപ്പ് നടത്തിയത് എം.ജി റോഡ് ബ്രാഞ്ചിലെ ജീവനക്കാരനാണ്. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടു. പണം നഷ്ടപ്പെട്ട ഉപഭോക്താക്കളുമായി ബന്ധപ്പെട്ടതായും ആഭ്യന്തര അന്വേഷണം തുടങ്ങിയതായും ബാങ്ക് കൂട്ടിച്ചേർത്തു.
സ്ഥിര നിക്ഷേപത്തിന് വേണ്ടി നൽകിയ 2.7 കോടി രൂപ അപ്രത്യക്ഷമായെന്നാണ് ഒരു ഉപഭോക്താവ് കഴിഞ്ഞ മാസം പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ, അക്കൗണ്ടിൽനിന്ന് നഷ്ടമായത് നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപയാണെന്ന് വ്യക്തമാവുകയായിരുന്നു. 15 വർഷം മുമ്പ് സിറ്റി ബാങ്കിന്റെ ഗുരുഗ്രാമിലെ വെൽത് മാനേജ്മെന്റ് വിഭാഗത്തിൽ നടന്ന തട്ടിപ്പിന് സമാനമാണിത്. സ്ഥിര നിക്ഷേപത്തിനായി ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പണം വ്യാജ ഒപ്പിട്ട രേഖകൾ നൽകി നക്ക കിഷോർ കുമാർ ആർ.ടി.ജി.എസ് വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഉപഭോക്താക്കൾ രണ്ട് കോടിയുടെയും 50, 25 ലക്ഷങ്ങളുടെയും ബാങ്ക് ചെക്ക് ലീഫാണ് നൽകിയിരുന്നത്. സംഭവത്തിൽ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സമ്പന്ന കുടുംബങ്ങളിലുള്ളവരുടെ പണമാണ് നഷ്ടപ്പെട്ടതെന്നും അവർ ആശങ്കയിലാണെന്നും ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ‘‘നഷ്ടപ്പെട്ട പണം തിരികെ നൽകുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. നിലവിൽ പൊലീസിന്റെയും ബാങ്കിന്റെ ആഭ്യന്തര അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ബാങ്ക് എല്ലാ പിന്തുണയും സഹകരണവും നൽകുന്നത് തുടരും. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടാൽ തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്"- മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


